കാസർകോട് സി.പി.എമ്മിലെ മുതിർന്ന നേതാവ് എം. രാഘവൻ രാജിവെച്ചു; നേതൃത്വം അവഗണിച്ചെന്ന് രാജി കത്തിൽ
text_fieldsകാസർകോട്: ജില്ലയിലെ സി.പി.എമ്മിലെ മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്നു രാജിവെച്ചു. നേതൃത്വം തന്നെ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകി.
പാർട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചതായാണ് വിവരം. ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കാസര്കോട് സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിക്കു പിന്നാലെയാണ് രാഘവന്റെ രാജി. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രാഘവൻ. പാർട്ടിയുടെ വിവിധ സംഘടനാ ചുമതലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കാസർകോട് ജില്ലയിലെ സി.പി.എമ്മിലെ പരിചയസമ്പന്നനായ നേതാക്കളിലൊരാളാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും സംഘടനാപരമായ വിഷയങ്ങളും ഉൾപ്പെടെ ചർച്ച ചെയ്ത യോഗത്തിൽ പുതിയ ജില്ലാ കമ്മിറ്റി ഘടനയും പ്രാതിനിധ്യവും സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിക്കു പിന്നാലെ ആറു പേരെ ജില്ല കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരുന്നു. അതിലും തന്നെ ഉൾപ്പെടുത്താത്തതിൽ രാഘവൻ നിരാശനായിരുന്നു. കഴിഞ്ഞ ജില്ല സമ്മേളനത്തിന് മുന്നോടിയായി തന്നെ രാഘവന്റെ പേര് ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, ജില്ലാ കമ്മിറ്റി രൂപവത്കരിച്ചപ്പോൾ അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. ഇതാണ് നേതൃത്വത്തോടുള്ള അതൃപ്തിക്ക് പ്രധാന കാരണമായതെന്നാണ് സൂചന. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, വിപുലീകൃത ജില്ലാ കമ്മിറ്റിയില് പ്രതിപക്ഷ നേതാവ് പിണറായി വിജയനുനേരെ വലിയ വിമര്ശനം ഉയർന്നു.
സര്ക്കാറും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് മുന്നോട്ട് പോയതെന്നാണ് വിമര്ശനം. വീട്ടില് പോയി പറയാന് പറഞ്ഞത് പോലുള്ള സമീപനം തെരഞ്ഞെടുപ്പ് തോല്വിക്ക് കാരണമായി. ഭരണം ഉപയോഗിച്ച് പാര്ട്ടിയെ ശക്തിപ്പെടുത്താന് കഴിഞ്ഞില്ല. ഭരണത്തില് പാര്ട്ടി തകരുകയാണ് ചെയ്തതെന്നും പ്രതിനിധികല് വിമര്ശിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

