ഷേണായി; മാധ്യമരംഗത്തെ അതുല്യ വ്യക്തിത്വം
text_fieldsആക്ഷേപ ഹാസ്യത്തിലൂടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ വിമർശിക്കുന്നതിൽ അതിപ്രസിദ്ധനായിരുന്നു ടി.വി.ആർ. ഷേണായ്. സഞ്ജയനും വി.കെ.എന്നിനും ശേഷം വിമർശനങ്ങൾക്ക് ഏറ്റവുമധികം ഹാസ്യ ഭാഷ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
കുട്ടിക്കാലം മുതൽ വായനക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളിലും വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തി. ഇംഗ്ലീഷിനൊപ്പം സംസ്കൃതത്തിലും വലിയ പ്രാവീണ്യമുണ്ടായിരുന്നു അദ്ദേഹത്തിന്.
ചെറുപ്പകാലത്ത് ചെറായിയിൽനിന്ന് കിലോമീറ്ററുകളോളം നടന്ന് പറവൂർ മുനിസിപ്പൽ ലൈബ്രറിയിലെത്തി പുസ്തകങ്ങൾ വായിക്കുമായിരുന്നു എന്ന് അദ്ദേഹത്തിൽനിന്നുതന്നെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. പഠനകാലത്ത് തോളിൽ ഒരു കാലൻകുട തൂക്കിയിടുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. മഹാരാജാസ് കോളജിലെ ലൈബ്രറി ഏറ്റവും കൂടുതൽ അറിഞ്ഞ് വിനിയോഗിച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് ടി.വി.ആർ. ഷേണായി. എറണാകുളത്തെത്തുമ്പോൾ ഭാരത് ടൂറിസ്റ്റ് ഹോമിലായിരുന്നു അദ്ദേഹം താമസിക്കുക.
1957 ^60 കാലഘട്ടങ്ങളിലാണ് അദ്ദേഹം മഹാരാജാസിൽ പഠിച്ചത്. തുടർ പഠനത്തിനായി ബോംബെ സർവകലാശാലയിലേക്ക് പോയി. മഹാരാജാസിൽ അദ്ദേഹം ഏറ്റവും കൂടുതൽ അംഗീകരിച്ചിരുന്ന അധ്യാപകർ ഇംഗ്ലീഷ് വിഭാഗത്തിലെ മാരാർ മാഷും മലയാളത്തിലെ സാനു മാഷുമായിരുന്നു. എപ്പോഴും അദ്ദേഹത്തിെൻറ കൈയിൽ ഒരു പുസ്തകമുണ്ടാകും. പലപ്പോഴും അത് മറ്റുള്ളവർ കാണുക പോലും ചെയ്യാത്ത പുസ്തകമായിരിക്കും.
കെ.എസ്.യു സ്ഥാനാർഥിയായി മത്സരിച്ച് കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയായിട്ടുണ്ട് അദ്ദേഹം. എതിർ സ്ഥാനാർഥിയായി മത്സരിച്ച സരോജിനിയെയാണ് പ്രണയിച്ചതും പിന്നീട് വിവാഹം ചെയ്തതും. മഹാരാജാസ് താങ്കൾക്ക് എന്താണ് നൽകിയത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം രണ്ട് കാര്യങ്ങളായിരുന്നു. അതിലൊന്ന് രാഷ്ട്രീയത്തിൽ വേരണ്ട എന്ന് പഠിപ്പിച്ചതായിരുന്നു. അമ്മാവൻ എ.ജെ. ഭട്ട് തിരുകൊച്ചി എം.എൽ.എ ആയിരുന്നു. കുടുംബത്തിലെതന്നെ സുബ്രഹ്മണ്യ ഷേണായി പയ്യന്നൂരിൽനിന്ന് എം.എൽ.എ ആണ്. ഇനിയൊരു ഷേണായി രാഷ്ട്രീയത്തിലേക്ക് വേണ്ട എന്ന ചിന്തയായിരുന്നു പിന്നിൽ. മഹാരാജാസ് രണ്ടാമത് നൽകിയത് സരോജിനിയെ പ്രണയിച്ച് വിവാഹം ചെയ്തതായിരുന്നു.
എറണാകുളം, ബോംബെ, ഡൽഹി, ലണ്ടൻ എന്നീ നഗരങ്ങളാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. ഓരോ നഗരത്തെക്കുറിച്ചും ആഴത്തിലുള്ള അറിവ് ശേഖരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും ഈ അറിവ് കണ്ട് പ്രഗല്ഭർ പോലും അമ്പരന്നിട്ടുണ്ട്. ഡ്രാക്കുള സിറ്റി ഒരിക്കൽ അദ്ദേഹം സന്ദർശിച്ചു. അവിടെ എത്തിയപ്പോൾ അവിടത്തെ പല സ്ഥലങ്ങളെക്കുറിച്ചും ഗൈഡിനോട് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. ഇതു കേട്ട് സംശയം തോന്നിയ ഗൈഡ് താങ്കൾ ഇതിനു മുമ്പ് ഇവിടം സന്ദർശിച്ചിട്ടുണ്ടല്ലോ എന്ന് ചോദിച്ച സംഭവം ഉണ്ടായി. എന്നാൽ, താനിതെല്ലാം പുസ്തകങ്ങളിൽനിന്ന് അറിഞ്ഞതാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. എറണാകുളത്തെ ആദ്യകാലത്ത് ഒരുപാട് സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ, പിൽക്കാലത്ത് എറണാകുളം വൈശ്യാലയമായി മാറിയെന്ന് അദ്ദേഹം പറയുമായിരുന്നു. രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളെല്ലാം കച്ചവടവത്കരിച്ചു പോയ വൈശ്യാലയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
നഗരത്തിൽ ഒരു അപ്പാർട്മെൻറ് എടുത്ത് താമസിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ഇവിടത്തെ ഹർത്താലുകളാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. ഒരിക്കൽ അമ്മ ആശുപത്രിയിൽ കിടന്ന സമയത്ത് ഭക്ഷണമെത്തിക്കാൻ ഹർത്താൽ കാരണം കഴിഞ്ഞില്ല. രാഷ്്ട്രപതിയെ കാണാനെത്തിയ ഒരിക്കലും ഹർത്താൽ ബുദ്ധിമുട്ടുണ്ടാക്കി. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി മുൻകൂട്ടി പ്രവചിക്കാനുള്ള അദ്ദേഹത്തിെൻറ കഴിവ് അതുല്യമായിരുന്നു. കായിക മേഖലയിലും ഇത് പ്രകടമായിരുന്നു. അദ്ദേഹം ജോലി െചയ്ത വാരികയെ പ്രശസ്തിയിലേക്ക് എത്തിച്ചത് ഇൗ കഴിവുകളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
