എല്ലാം പാർട്ടി തീരുമാനിക്കും; തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് കെ.കെ. ശൈലജയുടെ മറുപടി
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരാർഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ. മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകളിൽ ഒരു കാര്യവുമില്ല. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച് പാർട്ടി ചർച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
മത്സരിക്കുന്നത് സംബന്ധിച്ച് തന്റെ പേരു മാത്രമല്ല, പലരുടെയും പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. അതൊക്കെ ആർക്കു വേണമെങ്കിലും പ്രചരിപ്പിക്കാവുന്ന കാര്യമാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തുകഴിഞ്ഞിട്ടില്ല. എല്ലാം തയാറാക്കി വരുന്നതേയുള്ളൂ. സ്ഥാനാർഥി നിർണയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും തീരുമാനിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ ഒഴിവാക്കാൻ സി.പി.എം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എം.എൽ.എമാർക്ക് രണ്ടു തവണ, മന്ത്രിമാർക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ആലോചിക്കുന്നത്. വിജയസാധ്യത കണക്കിലെടുത്താണ് ഈ ടേം വ്യവസ്ഥ മാറ്റുന്നത്. മണ്ഡലം കൈവിട്ടു പോകാതിരിക്കാൻ പരിചയ സമ്പന്നരായ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നതെന്ന രീതിയിലും വാർത്തകൾ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് നിന്ന് വീണ്ടും മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ട്. അതുപോലെ വീണ ജോർജ്, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ എന്നിവരെയും മത്സരിപ്പിക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

