സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സുപ്രധാനമായ രണ്ടു പദ്ധതികൾക്ക് മന്ത്രിസഭായോഗം അനുമതി നൽകി. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനും കോവിഡ് വാക്സിന് ഉല്പാദന യൂനിറ്റ് സ്ഥാപിക്കുന്നതിനുമാണ് അംഗീകാരം. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍നിന്ന് വായ്പയെടുക്കുന്നതിന് ഉടൻ ഭരണാനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് ഒന്നാം പിണറായി സർക്കാർ അംഗീകരിച്ചിരുന്നു. കേരള റെയില്‍ ഡെവലപ്മെൻറ് കോര്പറേഷന് ലിമിറ്റഡ് (കെ-റെയില്‍) ബോര്‍ഡ് സമര്‍പ്പിച്ച അലൈന്‍മെൻറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഡി.പി.ആറിന് അന്ന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ മാഹി വഴിയാണ് ലൈന്‍ നിശ്ചയിച്ചിരുന്നതെങ്കില്‍ മാഹി ഒഴിവാക്കിയുള്ള പുതിയ അലൈന്മെൻറിനായിരുന്നു അംഗീകാരം. 63,941 കോടി രൂപയാണ് പദ്ധതിച്ചെലവ്. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
പദ്ധതിക്ക് റെയിൽവേ ബോര്‍ഡിെൻറ തത്ത്വത്തിലുള്ള അംഗീകാരം 2019 ഡിസംബറില്‍ ലഭ്യമായിരുന്നു. തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 529.45 കിലോമീറ്റര്‍ നാലു മണിക്കൂര്‍കൊണ്ട് പിന്നിട്ട് കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈനില്‍ ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം ഭാഗത്ത് യാത്രാസമയം ഒന്നരമണിക്കൂർ മതിയെന്നാണ് കരുതുന്നത്.
അതേസമയം, തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിൽ സ്ഥാപിക്കുന്ന വാക്സിന് ഉല്പാദന യൂനിറ്റിെൻറ പ്രോജക്ട് ഡയറക്ടറായി ഐ.എ.എസുകാരിയായ ഡോ. എസ്. ചിത്രയെ നിയമിക്കും. ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്മെൻറ്), ഡോ. വിജയകുമാര്‍ (വാക്സിന് വിദഗ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന് ഖോബ്രഗഡെ (പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിങ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി) എന്നിവര്‍ അംഗങ്ങളുമായി വര്‍ക്കിങ് ഗ്രൂപ് രൂപവത്കരിക്കും.
പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും വേഗത്തിൽ വാക്സിന് ഉല്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിങ് ഗ്രൂപ്പിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

