സ്വാശ്രയ മെഡിക്കൽ പ്രവേശനം: ഹരജികൾ തിങ്കളാഴ്ച പരിഗണിക്കും
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെതിെര നല്കിയ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. കേസ് വെള്ളിയാഴ്ച പരിഗണിെച്ചങ്കിലും കേന്ദ്ര സര്‍ക്കാർ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരുടെ അഭിഭാഷകര്‍ ഹാജരായില്ല. തുടര്‍ന്നാണ് കേസ് കോടതി മാറ്റിയത്. എതിര് കക്ഷികള്‍ക്ക് ഹരജിയുടെ പകര്‍പ്പ് കൈമാറാനും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എല്‍. നാഗേശ്വര്‍ റാവു എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം നടത്താന്‍ ഹൈകോടതി നല്കിയ താൽക്കാലിക അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതിന് പിന്നാലെയാണ് തൊടുപുഴ അല്‍അസ്ഹർ, ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോൺ കോളജുകള്‍ ഹരജി നല്‍കിയത്. ഈ കോളജുകളിലേക്ക് പ്രവേശനം നടത്തിയത് സംസ്ഥാന സര്‍ക്കാര്‍തന്നെയാണെന്ന് അല്അസ്ഹറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. മറ്റ് രണ്ടു കോളജുകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, രാജീവ് ധവാന് എന്നിവരും സംസ്ഥാന സര്‍ക്കാറിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശും ഹാജരായി.
മൂന്ന് സ്വാശ്രയ കോളജുകളിലുമായി 400 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പഠിക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിെൻറ നിലപാട്. എന്നാല്‍, മതിയായ അടിസ്ഥാന സൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടി പ്രവേശനത്തെ എം.സി.ഐ എതിര്‍ക്കുന്നു.
അതിനിടെ, സ്വാശ്രയ മെഡിക്കല്‍ അലോട്ട്മെൻറിനു ശേഷം ഒഴിവുള്ള എൻ.ആർ.െഎ സീറ്റുകള്‍ ജനറല്‍ മെറിറ്റിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ നടപടി കാരണം തങ്ങള്‍ക്ക് സീറ്റ് നഷ്ടപ്പെെട്ടന്നു കാണിച്ച് രണ്ട് വിദ്യാര്‍ഥികളാണ് ഹരജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇത് പരിഗണിച്ചത്. എന്നാല്‍, കഴിഞ്ഞമാസം 31ന് പ്രവേശനം പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇനി മാറ്റം വരുത്തിയാല്‍ അത് പ്രവേശനം നേടിയ വിദ്യാര്‍ഥികളെ ബാധിക്കുമെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ രോഹതഗി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
