സ്വാശ്രയ മെഡിക്കൽ: സർക്കാറിെൻറ സ്കോളർഷിപ് പദ്ധതി പൊളിഞ്ഞു
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്ന നിർധന വിദ്യാർഥികളുടെ പഠനത്തിന് സർക്കാർ നടപ്പാക്കിയ സ്കോളർഷിപ് പദ്ധതി പാളി. അർഹരുടെ കരട് പട്ടികയിൽ 63 പേർ മാത്രം. ഒേട്ടറെ ബി.പി.എൽ വിദ്യാർഥികൾ പുറത്തായി. ഇതോടെ നൂറുകണക്കിന് നിർധന വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി.
2017 -18ൽ പ്രവേശനം നേടിയവർക്കാണ് സർക്കാർ സ്കോളർഷിപ് പദ്ധതി ആരംഭിച്ചത്. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഘടന ഏകീകരിച്ചതിനെതുടർന്നായിരുന്നു പദ്ധതി. എൻ.ആർ.െഎ ക്വോട്ടയിൽ പ്രവേശനം നേടുന്നവരിൽനിന്ന് ഇൗടാക്കുന്ന 20 ലക്ഷം ഫീസിൽനിന്ന് അഞ്ച് ലക്ഷം വീതം നീക്കിവെച്ചും സർക്കാർ വിഹിതം ചേർത്തും രൂപവത്കരിക്കുന്ന സഞ്ചിതനിധിയിൽ നിന്നായിരിക്കും സ്കോളർഷിപ്.
എൻ.ആർ.െഎ വിദ്യാർഥികളിൽനിന്ന് 27 കോടിയാണ് സ്വരൂപിച്ചത്. സ്കോളർഷിപ്പിന് അർഹരാകുന്നവർ വാർഷിക ഫീസിെൻറ പത്ത് ശതമാനം അടയ്ക്കുകയും 90 ശതമാനം സർക്കാർ വഹിക്കുകയും ചെയ്യുന്നരീതിയിലാണ് പദ്ധതി. ഇതുപ്രകാരം അഞ്ച് ലക്ഷത്തോളം രൂപ വരുന്ന വാർഷിക മെഡിക്കൽ ഫീസിൽ സർക്കാർ നാലരലക്ഷം രൂപയാണ് ഒാരോ വിദ്യാർഥികൾക്കും സ്കോളർഷിപ് നൽകേണ്ടത്. 63 വിദ്യാർഥികൾക്ക് നാലരലക്ഷം സ്കോളർഷിപ്പായി നൽകിയാൽ സഞ്ചിതനിധിയിലെ 27 കോടിയിൽനിന്ന് 2.83 കോടിയേ സർക്കാറിന് ചെലവാകൂ. ബാക്കി തുക കരുതലായി സൂക്ഷിച്ചാണ് അർഹരായ ഒേട്ടറെപേരെ പട്ടികക്ക് പുറത്താക്കിയത്.
സ്കോളർഷിപ് പ്രതീക്ഷിച്ച് കടം വാങ്ങിയും വായ്പയെടുത്തും സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ ഒേട്ടറെപേർ പഠനം നിർത്തേണ്ട അവസ്ഥയിലാണ്. പ്രശ്നം അടിയന്തരമായി സർക്കാറിന് മുന്നിലെത്തിക്കാൻ രക്ഷിതാക്കളുടെ സംഘടന നടപടി ആരംഭിച്ചിട്ടുണ്ട്.
2016 -17 വരെ സ്വാശ്രയ കോളജുകളിൽ മെറിറ്റ്, മാനേജ്മെൻറ് സീറ്റുകളിൽ വ്യത്യസ്ത ഫീസ് ഘടനയാണ് നിലവിലിരുന്നത്. 2016ൽ മാത്രം സ്വാശ്രയ കോളജുകളിൽ 403 നിർധന വിദ്യാർഥികളാണ് സർക്കാർ മെഡിക്കൽ കോളജിലെ ഫീസിൽ പ്രവേശനം നേടിയത്. ഇതാണ് സ്കോളർഷിപ് പദ്ധതി വന്നതോടെ 63 ആയി ചുരുങ്ങിയത്. നേരത്തേ എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് സ്വാശ്രയ കോളജുകളിലെ കുറഞ്ഞ ഫീസിൽ പഠിക്കാൻ അവസരമുണ്ടായിരുന്നു. സ്കോളർഷിപ് പദ്ധതി ബി.പി.എൽ വിഭാഗങ്ങൾക്ക് മാത്രമാക്കിയതോടെ എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് ആനുകൂല്യം നഷ്ടപ്പെട്ടു. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അർഹരായ ബി.പി.എൽ വിഭാഗത്തിലെ വിദ്യാർഥികൾപോലും പട്ടികയിൽനിന്ന് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
