പിണറായി, അവൈലബിൾ പി.ബി, പിന്നെ സെക്രേട്ടറിയറ്റ്...; വിജയരാഘവെൻറ പേര് നിർദേശിച്ച് കോടിയേരി
text_fieldsതിരുവനന്തപുരം: സി.പി.എം, എൽ.ഡി.എഫ് അണികളെയും നേതാക്കളെയും ഒരുപോലെ ഞെട്ടിച്ചാണ് കോടിയേരി ബാലകൃഷ്ണൻ അവധിയിൽപോകുന്ന വിവരം പുറത്തുവിട്ടത്.
അവധിയിൽ പോകാനുള്ള സാധ്യത വെള്ളിയാഴ്ച ചേർന്ന സെക്രേട്ടറിയറ്റ് യോഗത്തിന് മുമ്പുതന്നെ കോടിയേരി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിരുന്നു. അദ്ദേഹത്തിെൻറകൂടി അഭിപ്രായം അറിഞ്ഞശേഷം സംസ്ഥാനത്തുള്ള മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ളയുമായി ചർച്ചചെയ്തു. കേന്ദ്ര നേതൃത്വത്തെയും അറിയിച്ചു.
നാല് പി.ബി അംഗങ്ങളുള്ള സംസ്ഥാന ഘടകത്തിൽതന്നെ ആലോചിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വം നിർദേശിച്ചു. തുടർന്ന് പിണറായി വിജയൻ, എസ്. രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ ഉൾപ്പെട്ട അവൈലബിൾ പി.ബി യോഗം ചേർന്നു.
ചികിത്സ മാസങ്ങളോളം നീളുമെന്ന് കോടിയേരി സൂചന നൽകി. തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിയെ ചലിപ്പിക്കാൻ പകരം സംവിധാനം വേണമെന്ന നിലപാടിലേക്ക് തുടർന്നാണ് നേതാക്കൾ എത്തിയത്. കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എ. വിജയരാഘവെൻറ പേരാണ് യോഗത്തിൽ ഉയർന്നത്. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചശേഷമാണ് പി.ബി അംഗങ്ങൾ സെക്രേട്ടറിയറ്റ് യോഗത്തിനെത്തിയത്.
കോടിയേരിതന്നെ അവധി ആവശ്യം സെക്രേട്ടറിയറ്റ് യോഗത്തിൽ ഉന്നയിച്ചു. കോടിയേരി തന്നെയാണ് എ. വിജയരാഘവെൻറ പേര് നിർദേശിച്ചത്. യോഗത്തിൽ പെങ്കടുത്തവർ വ്യത്യസ്ത അഭിപ്രായം പറഞ്ഞതുമില്ല. മൂന്നാഴ്ച മുമ്പ് സ്വകാര്യ ആശുപത്രിയിൽ കോടിയേരി തുടർചികിത്സ ആരംഭിച്ചിരുന്നു.