സ്വാശ്രയ മെഡിക്കൽ പി.ജി ഫീസ്; മന്ത്രി വിളിച്ച ചർച്ച പരാജയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പി.ജി/ പി.ജി ഡിേപ്ലാമ സീറ്റുകളിലേക്കുള്ള ഫീസ് നിരക്ക് നിശ്ചയിക്കാൻ സർക്കാർ വിളിച്ച ചർച്ച പരാജയം. ഫീസ് നിരക്ക് സംബന്ധിച്ച് ധാരണയാകാതെവന്നതോടെ വിഷയത്തിൽ തീരുമാനമെടുക്കാൻ പ്രവേശന, ഫീസ് നിർണയ മേൽനോട്ട സമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമീഷനെ സമീപിക്കും.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. കോളജുകളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് രാജേന്ദ്രബാബു കമ്മിറ്റി ഫീസ് നിർണയിക്കെട്ട എന്ന നിലപാടിലാണ് സർക്കാർ. ഇതിനായി കോളജുകളോട് ബാലൻസ് ഷീറ്റ് കൈമാറാൻ നിർദേശിച്ചു. മുഴുവൻ സീറ്റിലേക്കും നീറ്റ് റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തി പ്രവേശന പരീക്ഷാ കമീഷണർ അലോട്മെൻറ് നടത്തുന്ന സാഹചര്യത്തിൽ ഏകീകൃത ഫീസായിരിക്കും ഇൗടാക്കുക.
30 ലക്ഷം രൂപയാണ് മാനേജ്മെൻറുകൾ ഏകീകൃത ഫീസായി ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ 17 ലക്ഷം രൂപ വരെയാണ് അനുവദിക്കാവുന്ന ഫീസായി മുന്നോട്ടുവെച്ചത്. 25 ലക്ഷം രൂപ വരെ ഒരുക്കമാണെന്ന് ചില മാനേജ്മെൻറുകൾ ചർച്ചയിൽ അറിയിച്ചു. ഇൗ ഫീസ് നിരക്കിന് സർക്കാർ അനുകൂല നിലപാടല്ല ചർച്ചയിൽ സ്വീകരിച്ചത്.
ഇതേതുടർന്നാണ് ഫീസ് നിർണയത്തിന് അധികാരമുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് കോളജുകളോട് ബാലൻസ് ഷീറ്റ് കൈമാറാൻ നിർദേശിച്ചത്. പുതിയ ചർച്ചക്ക് തീയതി തീരുമാനിച്ചിട്ടുമില്ല.
നിലവിൽ സർക്കാർ അലോട്മെൻറ് നടത്തുന്ന പി.ജി ക്ലിനിക്കൽ കോഴ്സുകളിലേക്ക് ആറര ലക്ഷം രൂപയായിരുന്നു ഫീസ്. നോൺ ക്ലിനിക്കൽ കോഴ്സുകളിൽ സർക്കാർ ഫീസ് 2.6 ലക്ഷം രൂപയും. മാനേജ്മെൻറ് സീറ്റിലേക്ക് 17.5 ലക്ഷം രൂപയും എൻ.ആർ.െഎ സീറ്റുകളിലേക്ക് 24 ലക്ഷം രൂപയുമാണ് ഫീസ് ഇൗടാക്കിയിരുന്നത്. സർക്കാറിനുള്ള പി.ജി ഡിേപ്ലാമ ക്ലിനിക്കൽ കോഴ്സുകളിലേക്ക് 4.9 ലക്ഷം രൂപയും നോൺ ക്ലിനിക്കൽ കോഴ്സുകളിലേക്ക് രണ്ടു ലക്ഷം രൂപയുമായിരുന്നു ഫീസ്. ഏകീകൃത ഫീസ് ഘടന നിലവിൽവരുന്നതോടെ മെറിറ്റിൽ മുന്നിൽ വരുന്നവർക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള അവസരം ഇല്ലാതാകും.
അതേസമയം, സ്വാശ്രയ എം.ബി.ബി.എസ് സീറ്റുകളിലെ ഫീസ് നിരക്ക് ബുധനാഴ്ചയിലെ യോഗം ചർച്ച ചെയ്്തില്ല. ഇതിനായി നേരത്തേ നടത്തിയ രണ്ട് ചർച്ചയിലും തീരുമാനമായിരുന്നില്ല. പി.ജി, പി.ജി ഡിേപ്ലാമ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ സുപ്രീംകോടതി വിധി പ്രകാരം മേയ് 31ന് മുമ്പ് പൂർത്തിയാക്കണം.
ചർച്ചയിൽ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, പ്രവേശന പരീക്ഷ കമീഷണർ ഡോ. എം.ടി. റെജു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീവി, സ്വാശ്രയ മാനേജ്മെൻറുകളെ പ്രതിനിധീകരിച്ച് വി. അനിൽകുമാർ, കെ.എം. മൂസ, ഡോ. മുജീബ് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
