പി.ടി.എ പ്രീപ്രൈമറി: സേവന വ്യവസ്ഥകൾ നാലുമാസത്തിനകം തീരുമാനിക്കണം -ഹൈകോടതി
text_fieldsകൊച്ചി: സർക്കാർ സ്കൂളുകളോടു ചേർന്ന് പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെയും ആയമാരുടെയും സേവന വ്യവസ്ഥകൾ നാലു മാസത്തിനകം തീരുമാനിക്കണമെന്ന് ഹൈകോടതി. അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വർധിപ്പിക്കണമെന്ന 2025ലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയും സേവന വ്യവസ്ഥകൾ രൂപവത്കരിക്കണമെന്ന നിർദേശം ശരിവെച്ചുമാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കേണ്ടത് സർക്കാറാണെന്നും ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതിനാൽ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കാനുള്ള വൈദഗ്ധ്യം കോടതിക്കില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് നിർദേശം റദ്ദാക്കിയത്.
ഓണറേറിയം സർക്കാർ ഭരണതലത്തിൽ എടുക്കേണ്ട തീരുമാനമാണെന്നും വർധിപ്പിക്കണമെന്ന് കോടതിക്ക് നിർദേശിക്കാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. വിലക്കയറ്റം ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ചാകണം സേവന വ്യവസ്ഥ തീരുമാനിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.
സേവന വ്യവസ്ഥകൾ രൂപവത്കരിക്കുന്നതുവരെ അധ്യാപകർക്കും ആയമാർക്കും നൽകേണ്ട താൽക്കാലിക ഓണറേറിയം സംബന്ധിച്ച് രണ്ടു മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം. ഹൈകോടതിയിൽ ഹരജി നൽകിയ 2014 ഫെബ്രുവരി മുതൽ ബാധകമാക്കി വേണം ഓണറേറിയം തീരുമാനിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

