Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധവളപത്രത്തിൽ കണ്ടത്;...

ധവളപത്രത്തിൽ കണ്ടത്; കയറൂരിവിട്ട കിഫ്ബിയെ പിടിച്ചുകെട്ടണം

text_fields
bookmark_border
ധവളപത്രത്തിൽ കണ്ടത്; കയറൂരിവിട്ട കിഫ്ബിയെ പിടിച്ചുകെട്ടണം
cancel

തിരുവനന്തപുരം: സർക്കാറിനെക്കാൾ കുറഞ്ഞ പലിശക്ക് വായ്പയെടുക്കാൻ കഴിയുമെന്ന വാദത്തിലൂടെ കിഫ്ബിയെ ന്യായീകരിക്കുകയും കയറൂരി വിടുകയും ചെയ്ത പിണറായി സർക്കാറിന്റെ വാദങ്ങളെ കണക്കുകൾ വെച്ച് പൊളിച്ച് ധവളപത്രം. സംസ്ഥാന സർക്കാർ നേരിട്ട് വായ്പ എടുക്കുന്നതിനേക്കാൾ ഒന്ന് മുതൽ 1.5 ശതമാനം വരെ അധിക പലിശ നൽകിയാണ് കിഫ്ബി പണം സമാഹരിച്ചത് എന്നതും ബാധ്യത വർധിപ്പിച്ചു. കോവിഡ് വർഷമായ 2020-21 ഒഴികെ മറ്റെല്ലാ വർഷങ്ങളിലും ഇതായിരുന്നു സ്ഥിതി. 2018-19 സാമ്പത്തിക വർഷം സർക്കാർ വായ്പയുടെ പലിശ നിരക്ക് 7.92 ശതമാനമായിരുന്നപ്പോൾ കിഫ്ബി വായ്പയെടുത്തത് 9.56 ശതമാനത്തിനാണ്. 2021-22ൽ സർക്കാർ നിരക്ക് 7.83 ശതമാനമായിരുന്നെങ്കിൽ കിഫ്ബിയുടേത് 9.05 ശതമാനം. 2023-24ൽ സർക്കാർ നിരക്ക് 7.43 ശതമാനമായിരുന്നപ്പോൾ കിഫ്ബി 9.15 ശതമാനം പലിശക്കാണ് വായ്പയെടുത്തത്. 42,000 കോടിയുടെ വായ്പയിൽ ഒരു ശതമാനത്തിന്റെ പലിശ വ്യത്യാസം പോലും പ്രതിവർഷം ഏകദേശം 420 കോടിയുടെ അധിക പലിശ ബാധ്യത ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബജറ്റ് വിനിയോഗത്തിന് ബാധകമായ രീതിയിലുള്ള നിയമസഭയോടുള്ള ഉത്തരവാദിത്തമോ കർശനമായ ചെലവ് നിയന്ത്രണങ്ങളോ കിഫ്ബിക്ക് ഉണ്ടായിരുന്നില്ല. 2016ലെ നിയമപ്രകാരം കിഫ്ബി സി.ഇ.ഒക്ക് ‘എക്സ്-ഒഫിഷ്യോ സെക്രട്ടറി’ പദവി നൽകിയിരുന്നു. ഇത് സർക്കാർ സംവിധാനത്തിന് പുറത്തുള്ള ഒരാൾക്ക് സർക്കാറിന് വേണ്ടി സാമ്പത്തിക ചെലവുകൾക്ക് ഉത്തരവിടാൻ അധികാരം നൽകുന്ന അവസ്ഥയുണ്ടാക്കി. മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും ഇന്ധന സെസ്സും ഒരു ‘എസ്‌ക്രോ’ അക്കൗണ്ട് വഴി നേരിട്ട് കിഫ്ബിയിലേക്ക് മാറ്റി. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വരുമാനം ബജറ്റിന് പുറത്തേക്ക് മാറ്റി വായ്പകൾ തിരിച്ചടക്കാനാണ് ശ്രമിച്ചതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

കിഫ്ബി പ്രവർത്തിച്ചത് സമാന്തര സർക്കാർ പോലെ

കിഫ്ബി സമാന്തര സർക്കാർ പോലെ സ്വതന്ത്രമായ ഭരണാധികാരം പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ധവളപത്രം. കിഫ്ബിയെ ബന്ധപ്പെട്ട ഭരണ വകുപ്പുകളുടെയും ധനകാര്യ വകുപ്പിന്റെയും പൂർണമായ ബജറ്റ് നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരണമെന്ന സുപ്രധാന നിർദേശവും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു. ബാഹ്യ സ്രോതസുകളിൽ നിന്ന് നേരിട്ട് ഉയർന്ന പലിശക്ക് വായ്പയെടുക്കാൻ കിഫ്ബിയെ അനുവദിക്കരുത്.

പകരം സർക്കാർ നേരിട്ട് കുറഞ്ഞ പലിശക്ക് വായ്പയെടുത്ത് കിഫ്ബിയുടെ ബാധ്യതകൾ തീർക്കാൻ ഫണ്ട് നൽകണം. മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും ഇന്ധന സെസ്സും നേരിട്ട് കിഫ്ബിയിലേക്ക് മാറ്റുന്ന നിയമപരമായ വ്യവസ്ഥകൾ അവസാനിപ്പിക്കണം. ഈ ഫണ്ടുകൾ ബജറ്റിലൂടെ മാത്രമേ കൈമാറാവൂ. കിഫ്ബി നൽകേണ്ട പലിശ, മുതലിന്റെ തിരിച്ചടവ്, പ്രോജക്ട് ഫണ്ടിങ് ബാധ്യതകൾ എന്നിവയുൾപ്പെടെയുള്ള സമ്പൂർണ വിവരങ്ങൾ സുതാര്യമായി രേഖപ്പെടുത്തുകയും അത് സർക്കാറിനും നിയമസഭക്കും ലഭ്യമാക്കുകയും വേണം. കിഫ്ബിയുടെ ചില വിഭാഗങ്ങളെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. മേൽപറഞ്ഞ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് 2016ലെ കിഫ്ബി നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണം. കിഫ്ബിയിൽ ഉടനടി പെർഫോമൻസ് ഓഡിറ്റ് നടത്തണം. കൂടാതെ മസാല ബോണ്ട് വിതരണ ചെലവുകൾ, കൺസൾട്ടൻസി പേയ്‌മെന്റുകൾ, വായ്പയെടുത്ത ഫണ്ടുകൾ ബാങ്കുകളിൽ തന്നെ നിക്ഷേപിച്ച സംഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി ഫോറൻസിക് ഓഡിറ്റ് വേണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

തിരിച്ചടച്ചത് 10,000 കോടി മാത്രം

2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കിഫ്ബി വിവിധ സ്രോതസ്സുകളിൽ നിന്നായി ആകെ വായ്പയെടുത്ത് 42,053.20 കോടി രൂപയാണ്. ബാങ്കുകളിൽ നിന്നുള്ള ടേം ലോണുകൾ (9,200 കോടി), മസാല ബോണ്ട് (2,150 കോടി), ആഭ്യന്തര ബോണ്ടുകൾ (8,650 കോടി), മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ എന്നിവയടക്കം ഉൾപ്പെടുന്നു. ഈ വായ്പകളിൽ 10,000 കോടിയിൽ താഴെ മാത്രമാണ് ഇതുവരെ തിരിച്ചടച്ചത്. കിഫ്ബിയുടെ പക്കൽ ബാക്കിയുള്ള ഫണ്ട് ബാലൻസ് ഏകദേശം 10,722 കോടി കൂടി പരിഗണിക്കുമ്പോൾ, നിലവിൽ 21,000 കോടി രൂപയുടെ തീർപ്പാക്കാത്ത വായ്പാ ബാധ്യത അവശേഷിക്കുന്നു. അംഗീകരിച്ചവയിൽ ഇതിനകം പൂർത്തിയായതും നിലവിൽ നടക്കുന്നതും 41,609.92 കോടി രൂപയുടെ പദ്ധതികളാണ്. അംഗീകരിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിന് ഇനിയും ഏകദേശം 35,000 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIFBKerala NewsKerala UDF Cabinet
News Summary - Seen in the White Paper; KIIFB, which has been let loose, must be reined in/tethered
Next Story