മൺകുടിൽ നിലംപൊത്തരുതേയെന്ന പ്രാർഥനയുമായി നിരാലംബ കുടുംബം
text_fieldsകിളിമാനൂർ: സഹപാഠികളുടെ വീട്ടിലെ സ്വീകരണമുറിയിലെ ടെലിവിഷനിലും മൊബൈൽ കാമറകളിലും പുതിയ അധ്യയനവർഷത്തേക്കുള്ള ഫസ്റ്റ്ബെൽ മുഴങ്ങുബോൾ സജിതയുടെയും സജിത്തിെൻറയും കുഞ്ഞുമനസ്സ് ഉരുകുകയാണ്. ബെൽ കേൾക്കാത്തതിലെ സങ്കടമല്ല, മറിച്ച് കാലവർഷത്തിനൊപ്പം തങ്ങളുടെ കുടിൽ എപ്പോഴാണ് നിലംപൊത്തുകയെന്ന ഭീതിയാണ് ഇരുവർക്കും.
കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് വാർഡിൽ (14ാം വാർഡ്), പോങ്ങനാട് ഗവ. ഹൈസ്കൂളിന് ഒരുവിളിപ്പാടകലെയാണ് ഒമ്പതാം ക്ലാസുകാരിയായ സജിതയും ആറാം ക്ലാസുകാരൻ സജിത്തും മാതാവ് ഗീതക്കൊപ്പം താമസിക്കുന്നത്. ദീർഘകാലമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്ന ഇവരുടെ പിതാവ് ശശി, എട്ടു മാസം മുമ്പ് മരണത്തിന് കീഴടങ്ങി. വീടിനായി നിരവധി അപേക്ഷകൾ വർഷങ്ങളായി നൽകിയ കുടുംബം, നിലവിലെ സർക്കാറിൽ ലൈഫ് ഭവനപദ്ധതിയിലും അപേക്ഷ നൽകി. പട്ടികജാതിക്കാരനായിരുന്നിട്ടും സ്വന്തമായി ഒരു ഭവനം സർക്കാർ നൽകിയില്ലെന്ന പരിദേവനങ്ങൾക്കൊടുവിലായിരുന്നു ശശി മരിച്ചത്.
വർഷങ്ങളായി ഓലമേയാത്ത കെട്ടിടത്തിലാണ് മൂന്നംഗ കുടുംബം താമസിക്കുന്നത്. മൺഭിത്തികൾ മഴയിൽ കുതിർന്നനിലയിലാണ്. നാട്ടുകാരുടെ സഹായത്താൽ മേൽക്കൂരയിൽ ടാർപ്പാളിൻ ഷീറ്റുകൾ വലിച്ചുകെട്ടിയിരിക്കുകയാണ്. അയൽപക്കങ്ങളിൽ ചെറിയ ജോലികൾ ചെയ്താണ് ഗീത മക്കളെ പോറ്റുന്നത്. സർക്കാർ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
