ദമ്പതികളായ ഉദ്യോഗസ്ഥർ നടത്തിയത് കോടികളുടെ ഇടപാടുകൾ
text_fieldsതൃശൂർ: ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ ദമ്പതികൾ കൂടിയായ അഡീഷനൽ ഡയറക്ടർമാർ വിത്ത് വികസന അതോറിറ്റിയിൽ നടത്തിയത് പകൽക്കൊള്ള. കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ പരിശോധനാ റിപ്പോർട്ടിനെ തുടർന്നാണ് അഡീഷനൽ ഡയറക്ടർമാരും ദമ്പതികളുമായ അശോക് കുമാർ തെക്കൻ, പി.കെ. ബീന എന്നിവരെ സസ്പെൻഡ് ചെയ്തത്.
കർണാടക സീഡ് കോർപറേഷെൻറ കേരളത്തിലെ ഡീലറായ കാലടിയിലെ കേരള അഗ്രോ സീഡ്സിൽനിന്നാണ് വിത്ത് വികസന അതോറിറ്റി വിത്ത് വാങ്ങിയിരുന്നത്. എന്നാൽ, 2003 മുതൽ 2006 വരെ കർണാടക സീഡ് കോർപറേഷനിൽനിന്ന് കേരള അഗ്രോ സീഡ്സ് കാര്യമായി വിത്തുകൾ വാങ്ങിയിട്ടില്ല. എന്നാൽ, കർഷകർക്കും സ്കൂളുകൾക്കും സന്നദ്ധ സംഘടനകൾക്കും നൽകാൻ വിത്ത് വാങ്ങാൻ വിത്ത് വികസന അതോറിറ്റി ഇവർക്ക് 68 .84 കോടി നൽകിയിട്ടുണ്ട്. 2006 മുതൽ ഈ സ്ഥാപനം കർണാടക സീഡ് കോർപറേഷെൻറ കരാർ പുതുക്കിയിട്ടുമില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് പഴയ അനുമതിയുടെ മറവിൽ 2016 വരെയും ഇവരിൽനിന്ന് വിത്ത് വികസന അതോറിറ്റി വിത്ത് വാങ്ങിയിരുന്നത്.
ഉൽപാദനശേഷി കുറഞ്ഞ വിത്ത് കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്നതുമൂലം സർക്കാറിന് 13.65 കോടിയുടെ നഷ്ടം ഉണ്ടായി. 2010 മുതൽ 16 വരെ കേരള അഗ്രോ സീഡ്സിൽനിന്ന് 30.47 കോടിയുടെ നെൽ വിത്തും 38.36 കോടിയുടെ പച്ചക്കറി വിത്തും വിത്ത് വികസന അതോറിറ്റി വാങ്ങി. പത്ത് വർഷത്തോളമായി കർണാടക സീഡ് കോർപറേഷെൻറ ഗുണമേന്മയുള്ള വിത്തിനങ്ങൾ എന്ന വ്യാജേന കേരളത്തിലെ കർഷകർക്ക് ഗുണമേന്മയില്ലാത്തതും മുളശേഷി കുറഞ്ഞതുമായ വിത്തുകളാണ് നൽകിയിരുന്നതെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.