ആലുവ: ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരൻ ചികിത്സ കിട്ടാെതെ മരിച്ചുവെന്ന് പരാതി. ആലുവ ജില്ലാ ആശുപത്രിയിൽ ആംബുലൻസിൽ കിടന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ വിജയൻ മരിച്ചതെന്നാണ് ആരോപണം. കോവിഡ് ആണെന്ന സംശയത്തെ തുടർന്ന് അധികൃതർ ചികിത്സ നിഷേധിച്ചുവെന്നാണ് പരാതി. സംഭവത്തിൽ എറണാകുളം ജില്ലാ കലക്ടർ എ. സുഹാസ് ഡി.എം.ഒയോട് വിശദീകരണം തേടി.
ആലുവ പുളിഞ്ചോടിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയന് രാവിലെ 9.15 ഓടേയാണ് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ശ്വാസംമുട്ടലും പനിയുമാണെന്ന് പറഞ്ഞതോടെ കോവിഡ് ആണെന്ന് കരുതി ഡോക്ടർമാർ ചികിത്സക്കാൻ തയാറായില്ലെന്നാണ് ആരോപണം. എന്നാൽ കാഷ്വാലിറ്റിയിൽ നിന്നും പനി ക്ലിനിക്കിലേക്ക് പോകാൻ കൂടെയുള്ള ബന്ധുവിനോട് പറഞ്ഞിരുന്നുവെന്നും ഇതിന് അദ്ദേഹം തയാറായില്ലെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കണ്ടെയ്ൻമെന്‍റ് സോണിൽ നിന്നും വരുന്നവരെ നേരിട്ട് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാറില്ല. സുരക്ഷയില്ലാതെ പരിശോധിക്കാൻ സാധ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
മരിച്ച വിജയന്‍റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്‍റെ നിർദേശപ്രകാരം തുടർനടപടികൾ ഉണ്ടാകും.