ഹൈകോടതിയിൽ സുരക്ഷ ശക്തമാക്കി
text_fieldsകൊച്ചി: കേരള ഹൈകോടതിയിലെ സുരക്ഷ കൂടുതൽ ശക്തമാക്കി. അടുത്തിടെയുണ്ടായ ചില സുരക്ഷ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാൻ കർശന നടപടികൾ ഏർപ്പെടുത്തി രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗൗൺ ധരിച്ചെത്തുന്ന അഭിഭാഷകരെ സംശയകരമായ സാഹചര്യത്തിൽ മാത്രം പരിശോധിച്ചാൽ മതിയെന്നും ഗൗൺ ധരിക്കാതെയെത്തുന്ന അഭിഭാഷകരും ക്ലർക്കുമാരും ഹൈകോടതി ജീവനക്കാരും കവാടത്തിൽ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും ഉത്തരവിൽ പറയുന്നു. കാർഡ് മറന്നുപോയ ജീവനക്കാർ സുരക്ഷ ഉദ്യോഗസ്ഥർക്ക് ബയോമെട്രിക് വിവരങ്ങൾ നൽകി ഒന്നാം വാതിലിലൂടെ പ്രവേശിക്കാം. സർക്കാർ ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡും സേനാംഗങ്ങൾ യൂനിഫോമും ധരിച്ചിരിക്കണം. കക്ഷികളോടൊപ്പം വരുന്നവർക്ക് പ്രവേശനമുണ്ടാകില്ല. കേസുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും മറ്റുള്ളവർക്ക് പാസ് അനുവദിക്കുക. ബാഗുകൾ സ്കാനിങ്ങിന് വിധേയമാക്കണം. ആയുധങ്ങളുമായി എത്തുന്നവർക്ക് പ്രവേശനം നൽകില്ല. പിടിച്ചെടുക്കുന്ന ആയുധം തിരിച്ചു നൽകുകയോ പൊലീസിൽ അറിയിക്കുകയോ വേണം തുടങ്ങിയ സുരക്ഷ നിർദേശങ്ങളും ഉത്തരവിലുണ്ട്.
ഹേബിയസ് കോർപസ് ഹരജിയിൽ കോടതിയിൽ ഹാജരായ പെൺകുട്ടി വീട്ടുകാരുടെ കൂടെ പോകാൻ തീരുമാനിച്ചതിനെ തുടർന്ന് കാമുകൻ കോടതി വരാന്തയിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈയിൽ കരുതിയിരുന്ന കത്തിയുപയോഗിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹൈകോടതിയിൽ കേസ് നടത്താനെത്തിയയാൾ കത്തിയുമായി പ്രവേശിച്ചത് ഗുരുതര സുരക്ഷ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സുരക്ഷ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ മിനിറ്റ്സ് അംഗീകരിച്ച് ചീഫ് ജസ്റ്റിസ് സുരക്ഷ നടപടികൾ കർശനമാക്കാൻ ഉത്തരവ് നൽകിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

