വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ: കല്ലാറില്‍ വനം വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് തുറന്നു
text_fieldsതിരുവനന്തപുരം : വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ പൊന്മുടി ഇക്കോ ടൂറിസം പ്രവേശന കവാടത്തില്‍ വനം വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് തുറന്നു. പൊന്മുടിയില്‍ നിർമാണം പൂര്‍ത്തിയാക്കിയ പുതിയ ത്രീ-ഡി തീയേറ്റര്‍, കല്ലാറിലെ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് എന്നിവ മന്ത്രി എ. കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന മലക്കപ്പാറ പ്രദേശത്ത് ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാകുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ജി. സ്റ്റീഫന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പൊന്മുടിയിലേയ്ക്കുള്ള പ്രവേശന കവാടമായ വിതുര- പൊന്മുടി റോഡില്‍ കല്ലാര്‍ ഗോള്‍ഡന്‍വാലി ഭാഗത്താണ് ആധുനിക രീതിയിലുള്ള ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ നിലവിലുള്ള ചെക്ക്‌പോസ്റ്റിന്റെ പരിമിതമായ സൗകര്യങ്ങള്‍ കാരണം വാഹനപരിശോധന ശ്രമകരമാണ്.
എന്നാല്‍ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് തുറന്നത്തോടെ വാഹന പരിശോധന കൂടുതല്‍ സുഗമമാകും.കൂടാതെ സഞ്ചാരികള്‍ക്ക് വനവിഭവങ്ങള്‍ ലഭ്യമാക്കുന്ന ഇക്കോഷോപ്പ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ജീവനക്കാര്‍ക്കുള്ള താമസസൗകര്യം, ശുചിമുറികള്‍ എന്നിവയും കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. നമ്പാര്‍ഡില്‍ നിന്നും 73,74,000 രൂപയാണ് ചെക്ക്‌പോസ്റ്റ് നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. പൊന്മുടിയില്‍ സഞ്ചാരികള്‍ക്ക് ഇനി ത്രീ-ഡി വിസ്മയകാഴ്ചകളും ആസ്വദിക്കാം
ഒരേ സമയം 40 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ത്രീ-ഡി തിയേറ്ററിലുണ്ട്. പൂര്‍ണമായും ശീതീകരിച്ച തിയേറ്ററില്‍ 4കെ പ്രൊജക്ടര്‍, ഹൈ ക്വാളിറ്റി സൗണ്ട് സിസ്റ്റം, ആക്റ്റീവ് ത്രീ-ഡി കണ്ണടകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ചു ത്രീ-ഡി പ്രദര്‍ശനം സഞ്ചാരികള്‍ക്ക് വേറിട്ട ദൃശ്യനുഭവം പകരും. ഇരുപത് ലക്ഷം രൂപ ചെലവിലാണ് തീയേറ്റര്‍ നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

