ചിങ്ങവനം-ഏറ്റുമാനൂർ പാതയിൽ സുരക്ഷ പരിശോധന നാളെ
text_fieldsകോട്ടയം: പാതയിരട്ടിപ്പിക്കൽ ജോലികളുടെ പൂർത്തീകരണത്തിന് മുന്നോടിയായി ചിങ്ങവനം-ഏറ്റുമാനൂർ പാതയിൽ തിങ്കളാഴ്ച സുരക്ഷ പരിശോധന നടക്കും. ബംഗളൂരുവിൽനിന്നുള്ള കമീഷൻ ഓഫ് റെയിൽവേ സേഫ്റ്റി (സി.ആർ.എസ്) അഭയ്കുമാർ റായ്യുടെ നേതൃത്വത്തിലാണ് പരിശോധന. രണ്ടു ഘട്ടമായാണ് പരിശോധന. ഇത് വിജയമായാല്‍ ഈമാസം 28 മുതല്‍ പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങും.
പുതുതായി നിർമിച്ച പാതയിലൂടെ 120 കിലോമീറ്റർ വേഗത്തിൽ ഇലക്ട്രിക് എൻജിൻ ഓടിച്ചാകും സ്പീഡ് ട്രയൽ. എൻജിനും ഒരു ബോഗിയും ഉൾപ്പെടുന്ന യൂനിറ്റാകും ഇതിനായി ഉപയോഗിക്കുക. ഏറ്റുമാനൂർ പാറോലിക്കൽ മുതൽ കോട്ടയം വരെ, കോട്ടയം-ചിങ്ങവനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാകും സ്പീഡഡ് ട്രയൽ. ഇതിൽ സേഫ്റ്റി കമീഷണർ തൃപ്തി രേഖപ്പെടുത്തിയാൽ തുടർന്നുള്ള ദിവസങ്ങളിൽ സിഗ്നൽ ബന്ധിപ്പിക്കുന്ന ജോലികൾ നടക്കും.
ഈ ദിവസങ്ങളിൽ പകൽ കോട്ടയം വഴിയുള്ള ട്രെയിൻ സർവിസ് പൂർണമായും നിർത്തിവെക്കും. ഈ മാസം 28ന് ഗതാഗതം പൂർണമായി തടഞ്ഞ് സിഗ്നലിങ്ങുമായി ബന്ധപ്പെട്ട അന്തിമ ജോലികൾ പൂർത്തിയാക്കും. 10 മണിക്കൂറാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ഏറ്റുമാനൂർ- ചിങ്ങവനം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ 16.5 കിലോമീറ്ററായിരുന്നു ഇരട്ടപ്പാത പൂർത്തിയാകാനുണ്ടായിരുന്നത്.
ഇതു പൂർത്തിയായാൽ മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ 634 കിലോമീറ്റർ പാത (കോട്ടയം വഴി) പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി മാറും. പാതിയിരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി കോട്ടയം വഴിയുള്ള 21 ട്രെയിനുകളാണ് വിവിധ ദിവസങ്ങളിലായി ഈ മാസം 29 വരെ റദ്ദാക്കിയിരിക്കുന്നത്. വിവിധ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.