മതമൈത്രി സന്ദേശവുമായി കൂട്ടായ്മ
text_fieldsകൊച്ചി: മതമൈത്രി സന്ദേശവുമായി വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷൻ കൂട്ടായ്മ നിലവിൽവന്നു. നാടിന്‍റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാകുംവിധം സാമുദായിക ബന്ധങ്ങളിൽ വിള്ളൽവീഴ്ത്തുന്ന പ്രവണതകൾക്കെതിരെ നിലകൊണ്ട് സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കാൻ പ്രവർത്തിക്കുമെന്ന് സംഘടന പ്രമേയത്തിൽ വ്യക്തമാക്കി.
വിവിധ മത-സാമുദായിക നേതാക്കളാണ് രക്ഷാധികാരികൾ. മതമൈത്രിയുടെ മഹത്തായ പാരമ്പര്യത്തിന് ക്ഷതമേൽപിക്കുകയും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് ദുഷ്പ്രവണതകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന രീതികൾ ആശങ്കജനകമാണ്. സംസ്ഥാനത്തിന്‍റെ പുരോഗതിക്കും സമാധാനാന്തരീക്ഷത്തിനും ഭീഷണിയാകുന്ന പ്രശ്നങ്ങളുണ്ടായാൽ രാഷ്ട്രീയ, മതപരമായ മുതലെടുപ്പുകൾക്ക് അവസരം സൃഷ്ടിക്കാതെ പരിഹാരമുണ്ടാക്കാൻ ശ്രമിക്കും.
സമൂഹമാധ്യമങ്ങളിലടക്കം വിദ്വേഷം സൃഷ്ടിക്കാൻ വഴിവെക്കുന്ന പരാമർശങ്ങളുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തും. മാനവിക സഹകരണവും രാജ്യത്തിന്‍റെ ഉന്നമനവുമാണ് ലക്ഷ്യം. മതേതര ചട്ടക്കൂട് നിലനിർത്തുകയും അതിന് കരുത്തുപകരുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസങ്ങൾ പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യും.
മാന്യമായി ജീവിക്കാൻ എല്ലാ മതവിഭാഗങ്ങൾക്കും പിന്തുണ നൽകും. ലഹരി, അശ്ലീലം, അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, സാമൂഹിക വിവേചനം തുടങ്ങിയവക്കെതിരെ ബോധവത്കരണം സംഘടിപ്പിക്കുമെന്നും സംഘടന നേതാക്കൾ വ്യക്തമാക്കി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഡോ. പി. മുഹമ്മദലി ഗള്‍ഫാര്‍ ആമുഖ പ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി.എം.എൽ.എ, റഷീദലി ശിഹാബ് തങ്ങള്‍, എം.ഐ. അബ്ദുല്‍ അസീസ്, പി. മുജീബ് റഹ് മാൻ, ഡോ. ബഹാവുദ്ദീന്‍ നദ്‌വി, ഫാ. ഡോ. ആന്‍റണി വടക്കേക്കര, സ്വാമി ഹരിപ്രസാദ്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, ഫാ. ഡോ. തോമസ് വർഗീസ്, പി. രാമചന്ദ്രന്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, സ്വാമി അസ്പര്‍ശാനന്ദ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. ഫസല്‍ ഗഫൂര്‍, അഡ്വ. ജോര്‍ജ് പൂന്തോട്ടം, റോണി വർഗീസ് എബ്രഹാം, സുവര്‍ണ കുമാര്‍, ഡോ. പുനലൂര്‍ സോമരാജന്‍, അഡ്വ. പ്രകാശ്, പി. ഉണ്ണീന്‍, ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, പി. മുജീബ് റഹ്മാന്‍, ഡോ. സുബൈര്‍ ഹുദവി, മുഹമ്മദ് ബാബു സേട്ട്, ഡോ. അബ്ദുസ്സലാം അഹമ്മദ്, അഡ്വ. മുഹമ്മദ് ഹനീഫ, സി.എച്ച്. അബ്ദുല്‍ റഹീം, അഡ്വ. മുഹമ്മദ് ഷാ, കടയ്ക്കല്‍ അഷറഫ്, എന്‍.എം. ഷറഫുദ്ദീന്‍, ശിഹാബ് പൂക്കോട്ടൂര്‍, ഫാ. സ്ലീബ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബേസില്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

