പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും ജോളി മധു: മരണത്തിന് കീഴടങ്ങുന്നതിന് മുൻപ് എഴുതിയ കത്ത് പുറത്ത്
text_fieldsജോളി മധു
കൊച്ചി: കയർബോർഡ് ഉദ്യോഗസ്ഥ ജോളി മധുവിനെ മരണത്തിലേക്ക് തളളിവിട്ടത് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്. മസ്തിഷ്കാഘാതം സംഭവിക്കുന്നതിൽ തൊട്ട് മുൻപ് എഴുതിയ പൂർത്തിയാക്കാത്ത കത്താണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കത്ത് എഴുതുന്നതിനിടെ ജോളി ബോധരഹിതയായി വീഴുകയായിരുന്നു. പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ കഴിയില്ലെന്നും ജോളി മധു കത്തിൽ പറയുന്നു. അർബുദ അതിജീവിതയായ ജോളി വലിയരീതിയിൽ മാനസിക പീഡനം അനുഭവിച്ചിരുന്നതായി നേരത്തെ തന്നെ പരാതിയുയർന്നു.
ഈ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപവത്കരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കയർ ബോർഡ് നിർദേശം നൽകി. ഇതിനിടയിലാണ് എല്ലാ പീഡനത്തിന്റെയും തെളിവായി ജോളിയുടെ കത്ത് പുറത്ത് വരുന്നത്. തൊഴിൽ പീഡനം സംബന്ധിച്ച് ജോളി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമുൾപ്പെടെ പരാതി നൽകിയിരുന്നു. അർബുദ അതിജീവിതയായതിനാൽ സ്ഥലം മാറ്റരുതെന്ന് മെഡിക്കൽ ബോർഡ് ശിപാർശ ചെയ്തിരുന്നു.
എറണാകുളം ഹെഡ് ഓഫിസിലെ സെക്ഷൻ ഓഫിസർ വെണ്ണല പ്രണവം ലെയ്നിൽ താമസിക്കുന്ന ജോളി മധുവാണ് (56) മരിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഓഫിസിൽ നിരന്തരം നേരിടേണ്ടി വന്ന മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ മേലുദ്യോഗസ്ഥർ ജോളിയെ നിരന്തരം മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്ന് സഹോദരൻ ലാലിച്ചൻ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മേലുദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഫയലുകളിൽ ഒപ്പിട്ട് നൽകാത്തതിനാൽ പലവട്ടം മാനസികമായി പീഡിപ്പിച്ചു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ജോളിയുടെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് എം.ജി റോഡിലെ കയർബോർഡ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ മധു മൈക്കിൾ. മക്കൾ: മഹേഷ് പി. മൈക്കിൾ, മിലൻ പി. മൈക്കിൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

