വടകര സി.പി.എമ്മിൽ വിഭാഗീയത പുകയുന്നു; പി.കെ. ദിവാകരനെ ജില്ല കമ്മിറ്റിയിൽനിന്ന് പുറത്താക്കിയതിനെതിരെ പ്രകടനം
text_fieldsസി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് പി.കെ. ദിവാകരൻ മാസ്റ്ററെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മണിയൂരിൽ നടന്ന പ്രകടനം
വടകര: സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് പി.കെ. ദിവാകരൻ മാസ്റ്ററെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മണിയൂരിൽ പ്രവർത്തകരുടെ പ്രകടനം. പാർട്ടി അംഗങ്ങൾ ഉൾപ്പെടെ 50ഓളം പേരാണ് തിങ്കളാഴ്ച രാത്രി ഏഴോടെ മണിയൂർ തുറശ്ശേരിയിൽ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായി നീങ്ങിയത്.
ഏറെക്കാലമായി വടകര സി.പി.എമ്മിൽ നിലനിന്ന വിഭാഗീയത ജില്ല സമ്മേളനത്തോടെ മറനീക്കി പുറത്തുവരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിയ പ്രതിഷേധം തിങ്കളാഴ്ച തെരുവിലേക്ക് പടർന്നു. ഏറെ ജനകീയ അടിത്തറയുള്ള ദിവാകരൻ മാസ്റ്ററെ ഒഴിവാക്കി, ഇത്തവണ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ വടകര നഗരസഭ ചെയർപേഴ്സൻ പി.കെ. ബിന്ദുവിന് ‘ഇരട്ട സ്ഥാനക്കയറ്റം’ നൽകിയാണ് ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ വിമർശനമുയർത്തിയിരുന്നു. എന്നുതീരും ആനപ്പക തുടങ്ങിയ വാക്കുകളും സി.പി.എമ്മിന്റെ സൈബർ പോരാളികളുടെ പേജുകളിൽ നിറഞ്ഞിരുന്നു.
സി.പി.എം വടകര ഏരിയ സെക്രട്ടറിയായിരുന്ന പി.കെ. ദിവാകരനെ ആദ്യം ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നാണ് മാറ്റിയത്. പിന്നാലെ ഏരിയ കമ്മിറ്റിയിൽനിന്നും ഒടുവിൽ ജില്ല കമ്മിറ്റിയിൽനിന്നും ഒഴിവാക്കി. ഒഞ്ചിയത്ത് ആർ.എം.പി.ഐയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് മണിയൂരിൽ പാർട്ടിയെ സംരക്ഷിച്ച് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവെന്ന നിലയിൽ പി.കെ. ദിവാകരന് ഏറെ അംഗീകാരം ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.