കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കകത്തെ കടുത്ത വിഭാഗീയതയും മണ്ഡലം കമ്മിറ്റികളുടെ പ്രവർത്തന മാന്ദ്യവും പരാജയ കാരണമായെന്ന് മുസ്ലിംലീഗ് നിയോഗിച്ച കമീഷനുകളുടെ റിപ്പോർട്ട്. 12 മണ്ഡലങ്ങളിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് കൈമാറിയത്.
ഒാരോ മണ്ഡലത്തെയും കുറിച്ച് പഠിക്കാൻ ഒരു എം.എൽ.എയെയും സംസ്ഥാന ഭാരവാഹിയെയുമാണ് ചുമതലപ്പെടുത്തിയത്. ഓരോ മണ്ഡലത്തിലും വ്യത്യസ്ത സാഹചര്യങ്ങളാണ് പരാജയ കാരണമായതെന്ന് റിപ്പോർട്ടിലുണ്ട്. ചിലയിടങ്ങളിൽ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തരായ വിഭാഗം പ്രവർത്തനരംഗത്ത് നിർജീവമായപ്പോൾ ചില മണ്ഡലങ്ങളിൽ വിഭാഗീയത പ്രചാരണങ്ങളിലും വോട്ടിങ്ങിലും പ്രതിഫലിച്ചു. ഇത്തരം മണ്ഡലം കമ്മിറ്റികൾക്കെതിരെ ശക്തമായ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. വിഭാഗീയത ശക്തമായ മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്ന ശിപാർശയുമുണ്ട്.
മിക്ക മണ്ഡലങ്ങളിലും യു.ഡി.എഫിലെ കെട്ടുറപ്പില്ലായ്മയും പരാജയ കാരണമായി. കോൺഗ്രസിലെന്നപോലെ ലീഗിലും വീഴ്ചയുണ്ട്. മുന്നണി ഏകോപനമില്ലായ്മയും പരാജയത്തിെൻറ ആഴം കൂട്ടി. കേരള കോൺഗ്രസിെൻറയും ജനതാദളിെൻറയും മുന്നണി മാറ്റം കോഴിക്കോട്ടെ കുറ്റ്യാടി, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിൽ ക്ഷീണമുണ്ടാക്കി. കോഴിക്കോട് സൗത്തിലും കളമശ്ശേരിയിലും ശക്തമായ വിഭാഗീയത പ്രകടമായി.
ബി.ജെ.പി വോട്ടുകൾ പലയിടങ്ങളിലും സി.പി.എമ്മിന് മറിഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സി.പി.എം സ്ഥാനാർഥികൾ വിജയിച്ച പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ടു കുറഞ്ഞത് ഇക്കാര്യം വ്യക്തമാക്കുന്നു. സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അഡ്വ. പി.എം.എ. സലാം, ഡോ. എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നിവരാണ് റിപ്പോർട്ടുകൾ ഏറ്റുവാങ്ങിയത്. വിശദമായി പരിശോധിച്ച് നവംബർ 27ന് ചേരുന്ന നേതൃയോഗം തുടർ നടപടി തീരുമാനിക്കും. വിഭാഗീയതയും പ്രവർത്തന മാന്ദ്യവുമുള്ള മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിടുന്നതടക്കം നടപടിയുണ്ടാകുമെന്നാണ് സൂചന.