സെക്രട്ടേറിയറ്റ് തീപിടിത്തം: ഹൈകോടതി സ്വമേധയാ കേസെടുക്കണം -ബെന്നി ബെഹന്നാൻ
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്ത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ. നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി ഏറ്റവും കൂടുതൽ ഉപയോഗിച്ചത് പുകമറ സൃഷ്ടിക്കൽ എന്ന വാക്കാണ്. എന്നാൽ, യഥാർഥ പുകമറയാണ് സെക്രേട്ടറിയറ്റിൽ നടന്നതെന്നും യു.ഡി.എഫ് കൺവീനർ ആരോപിച്ചു.
തീപിടിത്തം സംബന്ധിച്ച എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ അന്വേഷണം അംഗീകരിക്കില്ല. തീപിടിത്തം ആസൂത്രിതമാണ്. കള്ളക്കടത്തുമായി ബന്ധപ്പെട്ട പല ഫയലുകളും ഇവിടെയാണുള്ളതെന്നും ബെന്നി ബെഹന്നാൻ ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ വിദേശയാത്ര, വി.ഐ.പി സന്ദർശങ്ങൾ എന്നിവ സംബന്ധിച്ചുള്ള ഫയലുകൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. എൻ.ഐ.എ അന്വേഷിക്കുന്ന എല്ലാ ഫയലുകളും ഇവിടെയാണുള്ളത്. എൻ.ഐ.എ നേരത്തെ തന്നെ ഈ ഫയലുകൾ കസ്റ്റഡിയിൽ എടുക്കേണ്ടതായിരുന്നു. എൻ.ഐ.എ അന്വേഷണമാണ് നടക്കേണ്ടതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.