സെക്കൻഡറി തലംവരെ മാതൃഭാഷ പഠിക്കാത്തവർക്കും ഇനി പ്രൈമറി അധ്യാപകരാവാം
text_fieldsതിരൂർ: സെക്കൻഡറി തലംവരെ മാതൃഭാഷ പഠിക്കാത്തവർക്കും സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി വിഭാഗത്തിൽ ഇനി അധ്യാപകരാവാം. സർക്കാർ നേതൃത്വത്തിൽ മാതൃഭാഷ പരിപാടികൾ നടക്കുന്നതിനിടെയാണ് സെക്കൻഡറി തലംവരെ മലയാളം പഠിച്ചവർക്ക് 38 വർഷമായി ലഭിച്ചിരുന്ന ആനുകൂല്യത്തിെൻറ കടക്കൽ കത്തിവെക്കുന്ന ഉത്തരവിറക്കിയിരിക്കുന്നത്. എൽ.പി, യു.പി സ്കൂൾ അധ്യാപകരാവുന്നതിന് സെക്കൻഡറി തലത്തിൽ മലയാളം ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ പഠിച്ചിരിക്കണമെന്ന ചട്ടമാണ് തിരുത്തിയത്.
കേന്ദ്ര ബോർഡുകളുടെ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങൾ സംസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. ഇത്തരം സ്കൂളുകളിൽ പഠിച്ചവർ ഇനി ബിരുദ, ബിരുദാനന്തര, ട്രെയ്നിങ് തലങ്ങളിൽ ഏതെങ്കിലുമൊന്നിൽ സംസ്ഥാനത്തെ റഗുലർ കോഴ്സ് വഴി മലയാളം പഠിച്ചാൽ മതി. കേരള വിദ്യാഭ്യാസ ചട്ടത്തിലെ ബന്ധപ്പെട്ട ചട്ടത്തിൽ പിന്നീട് ഭേദഗതി വരുത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയൻറ് സെക്രട്ടറി എച്ച്. നജീബ് 22ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കേന്ദ്ര സ്കൂളുകളിൽ പഠിച്ചവർ പിന്നീട് ബിരുദ/ബിരുദാനന്തര/ട്രെയ്നിങ് തലങ്ങളിൽ മലയാളം പഠിച്ചാലും നേരത്തെയുള്ള ഉത്തരവ് ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കഴിഞ്ഞ മാർച്ചിൽ സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വിശദമായി പരിശോധിച്ച ശേഷമാണ് ഉത്തരവെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എയ്ഡഡ്, സർക്കാർ സ്കൂളുകളിലെ അധ്യാപക യോഗ്യതകൾ ഏകീകരിച്ച് 1980 ജൂണിൽ പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് സംസ്ഥാനത്ത് നിലവിൽ അധ്യാപക നിയമനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
