ദക്ഷിണ റെയിൽവേക്ക് ഒരു വന്ദേ ഭാരത് കൂടി; കേരളവും സാധ്യതപട്ടികയിൽ
text_fieldsതിരുവനന്തപുരം: ദക്ഷിണ റെയിൽവേക്കായി എട്ടു കോച്ചുകളുള്ള ഒരു വന്ദേഭാരത് കൂടി അനുവദിച്ചു. ഏത് റൂട്ടിൽ സർവിസ് നടത്തുമെന്ന കാര്യം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണ റെയിൽവേയിലെ വിവിധ റൂട്ടുകൾക്കൊപ്പം സാധ്യതപട്ടികയിൽ കേരളവുമുണ്ട്. യാത്രക്കാരുടെ ആവശ്യകത, റെയിൽ കണക്റ്റിവിറ്റി, വരുമാനം എന്നിവക്കൊപ്പം രാജ്യത്തെ പ്രധാന റെയിൽ റൂട്ടുകളിലെല്ലാം വന്ദേഭാരത് അവതരിപ്പിക്കുക എന്നതാണ് റെയിൽവേ ബോർഡിന്റെ നയം.
മംഗളൂരു-എറണാകുളം, മംഗളൂരു-ഗോവ, തിരുനെൽവേലി-ചെന്നൈ എഗ്മോർ റൂട്ടുകളാണ് പരിഗണനയിലുള്ളത്. ഒപ്പം ലോക് സഭ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഷ്ട്രീയ താൽപര്യവും അപ്രഖ്യാപിത പരിഗണനയാണ്. ജൂലൈയിൽ അമൃത് ഭാരത് സ്റ്റേഷനുകളുടെ തറക്കല്ലിടൽ ചടങ്ങിൽ തിരുനെൽവേലി-ചെന്നൈ വന്ദേഭാരത് സർവിസിന്റെ ഫ്ലാഗ് ഓഫും പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് റൂട്ടിലെ സാധ്യത നിരീക്ഷണം. മംഗളൂരു-എറണാകുളവും മംഗളൂരു-ഗോവയുമാണ് പിന്നീട് സജീവ പരിഗണനയിലുള്ളത്. ചെന്നൈയിലെ കോച്ച് ഫാക്ടറിയിൽനിന്ന് മംഗളൂരുവിലേക്കാണ് റേക്ക് കൊണ്ടുപോകുന്നതെന്നാണ് വിവരവും.
തിരുവനന്തപുരം, പാലക്കാട്, മധുര, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിങ്ങനെ അഞ്ച് ഡിവിഷനുകളാണ് ദക്ഷിണ റെയിൽവേക്ക് കീഴിലുള്ളത്. ഇതിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള തിരുവനന്തപുരം- കാസർകോട് -തിരുവനന്തപുരം വന്ദേഭാരത്, ചെന്നൈ, സേലം ഡിവിഷനുകളെ ബന്ധിപ്പിച്ചുള്ള ചെന്നൈ-കോയമ്പത്തൂർ -ചെന്നൈ വന്ദേഭാരത് എന്നിങ്ങനെ രണ്ടെണ്ണമാണ് ദക്ഷിണ റെയിൽവേക്ക് മാത്രമായി അനുവദിച്ചിട്ടുള്ളത്. പുറമേ, സൗത്ത് വെസ്റ്റേൺ സോണിന് കീഴിലെ മൈസൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും വന്ദേഭാരത് സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

