എയ്ഡഡ് ശമ്പള ബില്ലിൽ ‘രണ്ടാം ഒപ്പ്’: വീണ്ടും ഉത്തരവിറക്കി ധനവകുപ്പ്
text_fieldsതിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബില്ലുകൾ പാസാക്കുന്നതിന് സ്ഥാപന മേധാവിക്ക് പുറമെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കൂടി സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയുമായി വീണ്ടും ധനവകുപ്പ്. എൽ.പി, യു.പി സ്കൂളിൽ സ്ഥാപന മേധാവികളായ പ്രധാനധ്യാപകരായിരുന്നു ഇതുവരെ ശമ്പള ബില്ലുകൾ ഒപ്പിട്ടതെങ്കിൽ ഇനി എ.ഇ.ഒ കൂടി സാക്ഷ്യപ്പെടുത്തണം. ഹൈസ്കൂളുകളിലേതിൽ ഡി.ഇ.ഒയും ഹയർസെക്കൻഡറികളിൽ മേഖലാ ഡപ്യൂട്ടി ഡയറക്ടർമാരും ഒപ്പിടണം.
എയ്ഡഡ് കോളജുകളിൽ പ്രിൻസിപ്പൽമാർക്കൊപ്പം കൊളീജിയറ്റ് എജുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ കൂടി സാക്ഷ്യപ്പെടുത്തിയാലേ ശമ്പളബിൽ പാസാകൂ. കഴിഞ്ഞ സെപ്റ്റംബറിൽ സമാനമായ ഉത്തരവ് ഇറക്കിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ മുമ്പുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്നും നടപടികൾ പൂർണമായി ഓൺലൈനാക്കിയെന്നും പറഞ്ഞാണ് ധനവകുപ്പ് ഉത്തരവ് പുതുക്കിയത്. പുതിയ പരിഷ്കാരം ശമ്പളം വൈകാൻ ഇടയാക്കുമെന്നാണ് അധ്യാപക സംഘടനകളുടെ ആശങ്ക. പരിഷ്കാരം ഈ മാസം തന്നെ നടപ്പാക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

