രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക്, ആഘോഷ സമാപനം നാളെ; സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: വികസന-ക്ഷേമ രംഗത്തെ നേട്ടങ്ങൾക്കും തുടർച്ചയായി ഉയർന്ന വിവാദങ്ങൾക്കും നടുവിൽ രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക്. വിവാദങ്ങൾ ഒന്നൊന്നായി ഉയരുമ്പോഴും വികസന ക്ഷേമ പരിപാടികൾ ഉയർത്തിപ്പിടിച്ച് നൂറുദിന കർമപരിപാടി പൂർത്തിയാക്കിയാണ് സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുന്നത്. ആഘോഷ സമാപനം ശനിയാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. അതേസമയം, സർക്കാറിന്‍റെ രണ്ടാം വാർഷികത്തിൽ കടുത്ത പ്രതിഷേധമുയർത്തുകയാണ് പ്രതിപക്ഷം. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് യു.ഡി.എഫ് പ്രവർത്തകർ ശനിയാഴ്ച ഉപരോധിക്കും.
ജനങ്ങൾക്ക് കടുത്ത സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചാണ് മൂന്നാംവർഷത്തിലേക്ക് സർക്കാർ കടക്കുന്നത്. 4000 കോടിയോളം രൂപയുടെ നികുതിയാണ് മൂന്നാംവർഷത്തിൽ അധികമായി ചുമത്തിയത്. ഇതിൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ രണ്ടു രൂപ സെസും ഉൾപ്പെടുന്നു. കെട്ടിട നിർമാണ മേഖലയിലെ നികുതിയും ഫീസുകളും കാര്യമായി വർധിപ്പിച്ചു.
ഇതിനിടയിലും വാഗ്ദാനങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. പാവപ്പെട്ടവർക്ക് വീടുകൾ നൽകുന്ന ലൈഫ് പദ്ധതി, മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം നൽകുന്ന പുനർഗേഹം പദ്ധതി, തൊഴിലുറപ്പ് തൊഴിലാളികൾക്ക് രാജ്യത്ത് ആദ്യമായി ക്ഷേമനിധി ഏർപ്പെടുത്തിയത്, പട്ടയ വിതരണം, ക്ഷേമപെൻഷൻ വിതരണം, ക്ഷീരകർഷക പെൻഷൻ എന്നിവ സർക്കാറിന് എണ്ണിപ്പറയാവുന്ന നേട്ടങ്ങളാണ്.
രണ്ടാം പിണറായി സർക്കാർ കാലത്ത് വിവാദങ്ങളുടെ വേലിയേറ്റമാണുണ്ടായത്. ഗതാഗത നിയമലംഘനം തടയാൻ സ്ഥാപിച്ച നിർമിത ബുദ്ധി കാമറയെ ചൊല്ലിയുള്ള വിവാദമാണ് ഏറ്റവും ഒടുവിലത്തേത്.
ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളക്കുമെതിരെ സെക്രട്ടേറിയറ്റ് വളയൽ
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികദിനമായ 20ന് ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളക്കുമെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയും.
ജനങ്ങളുടെ ദുരിതജീവിതത്തിന്റെ രണ്ടാംവാര്‍ഷികദിനത്തില്‍ പിണറായി സര്‍ക്കാറിനെതിരെയുള്ള കുറ്റപത്രവും യു.ഡി.എഫ് സമര്‍പ്പിക്കും. ശനിയാഴ്ച രാവിലെ ഏഴോടെ തിരുവനന്തപുരം ജില്ലയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഗേറ്റുകള്‍ വളയും.
എട്ടോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകരും ഒമ്പതിനു മുമ്പ് ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിനു മുന്നില്‍ അണിനിരക്കും.
രാവിലെ 10ന് എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യു.ഡി.എഫ് നേതാക്കളും എം.പിമാരും എം.എല്‍.എമാരും സംസാരിക്കും.
രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക, സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ കുടിശ്ശിക ഉടന്‍ നല്‍കുക, അന്യായമായ നികുതി വർധന പിന്‍വലിക്കുക. കാര്‍ഷികോൽപന്നങ്ങളുടെ താങ്ങുവില പ്രഖ്യാപിക്കുക, നെല്ലു സംഭരണത്തില്‍ കൃഷിക്കാര്‍ക്ക് നല്‍കേണ്ട പണം ഉടന്‍ നല്‍കുക, വിള ഇന്‍ഷുറന്‍സ് കുടിശ്ശിക നല്‍കുക, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കുക, എ.ഐ കാമറ ഇടപാടിലെ അഴിമതി കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, കെ-ഫോണ്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയവ ഉന്നയിച്ചാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

