സെക്കൻഡ് ഹാൻഡ് വാഹനവിൽപന; രജിസ്ട്രേഷനില്ലെങ്കിൽ കരിമ്പട്ടികയിൽ
text_fieldsതിരുവനന്തപുരം: ഭൂട്ടാന് ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അനധികൃത സെക്കൻഡ് ഹാന്‍ഡ് വാഹന വില്പന കേന്ദ്രങ്ങളിൽ പിടമുറുക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. രജിസ്ട്രേഷനില്ലാത്ത വാഹനവില്പന കേന്ദ്രങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഗതാഗത കമീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പിൽ സർക്കാറിന് നിയന്ത്രണമില്ലാത്തത് നികുതി വെട്ടിപ്പുകൾക്ക് കാരണമാകുന്നെന്നാണ് വിലയിരുത്തൽ. ക്രമക്കേടുകൾ തടയാൻ സെക്കൻഡ് ഹാൻഡ് കേന്ദ്രങ്ങള്‍ക്ക് രജിസ്ട്രേഷന് വേണമെന്ന് നിഷ്കർഷിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് പൂർണമായി നടപ്പായില്ല.
500ൽ താഴെ കേന്ദ്രങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. രജിസ്ട്രേഷനില്ലാത്തവയുടെ പ്രവർത്തനങ്ങൾ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കാര്യമായ നടപടികളുണ്ടായില്ല. 2022ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടോർ വാഹന നിയമഭേദഗതിയിലും കടുത്ത വ്യവസ്ഥകളാണുണ്ടായിരുന്നത്.
രജിസ്ട്രേഷനെടുക്കുന്ന സെക്കൻഡ് ഹാൻഡ് വാഹന ഡീലര്‍മാര്‍ തങ്ങളുടെ പക്കൽ വില്പനക്ക് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ എഞ്ചിൻ-ഷാസി നമ്പറുകളും രജിസ്ട്രേഷന് വിവരങ്ങളും വാഹന്‍ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കണം.
ഒരു സ്ഥാപനത്തില്‍ എത്ര വാഹനങ്ങള്‍ വില്പനക്കെത്തുന്നെന്ന് ഇതിലൂടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കാനാകും. വില്ക്കാൻ ഏറ്റെടുക്കുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതിയ ഉടമക്ക് കൈമാറാനുള്ള അധികാരവും ഡീലര്ക്കുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

