You are here

ലോക്ഡൗൺ ലംഘിക്കാനല്ല താൻ പറഞ്ഞത്; ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി സെബാസ്റ്റ്യൻ പോൾ

14:22 PM
10/04/2020

കോഴിക്കോട്: ലോക്ഡൗണുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ നടത്തിയ വിവാദ അഭിപ്രായ പ്രകടനത്തിന് വിശദീകരണവുമായി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോൾ. ലോക്ഡൗൺ ലംഘിക്കാനല്ല, ലോക്ഡൗൺ കാലത്ത് നമുക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന ഓർമപ്പെടുത്തലാണ് താൻ നടത്തിയതെന്ന് സെബാസ്റ്റ്യൻ പോൾ പറയുന്നു. 

ലോക്ഡൗണുമായി ബന്ധപ്പെട്ടുള്ള സെബാസ്റ്റ്യൻ പോളിന്‍റെ കഴിഞ്ഞ എട്ടാം തീയതിയിലെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. 

അവസാനത്തെ മൈക്ക് മുപ്പതു ദിവസം മുൻപായിരുന്നു. കോതമംഗലത്തിനടുത്തു തൃക്കാരിയൂരിൽ. വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാകുന്നു. നമുക്ക് നഷ്‌ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ഡൗണിലായ പൊതുഇടങ്ങൾ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും. -എന്നായിരുന്നു പോസ്റ്റ്. 

ലോക്ഡൗൺ ലംഘിക്കാനുള്ള ആഹ്വാനമാണ് നടത്തിയതെന്നും കോവിഡിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമ്പോൾ സ്വന്തം കാര്യങ്ങൾ മാത്രമാണ് സെബാസ്റ്റ്യൻ പോൾ പരിഗണിക്കുന്നതെന്നും ആരോപണം വന്നു. 

സെബാസ്റ്റ്യൻ പോളിന്‍റെ മകൻ റോൺ ബാസ്റ്റ്യൻ തന്നെ പിതാവിന്‍റെ അഭിപ്രായത്തെ എതിർത്ത് കമന്‍റിട്ടു. 

സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. അല്ലാതെ വ്യക്തികൾക്ക് മൈക്കിന് മുന്നിൽ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ല. തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങൾ കാൽനടയായി നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടുമ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളത്? അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാൻ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവർ ചെയ്യേണ്ടത്.
-എന്നായിരുന്നു റോൺ ബാസ്റ്റ്യന്‍റെ കമന്‍റ്. 

ഇതിന് പിന്നാലെയാണ് തന്‍റെ പോസ്റ്റ് പലരും തെറ്റിദ്ധരിച്ചെന്ന വിശദീകരണവുമായി സെബാസ്റ്റ്യൻ പോൾ രംഗത്തെത്തിയത്. 

വരികൾ വായിച്ചാലും വരികൾക്കിടയിൽ വായിച്ചാലും ഒന്നും കൃത്യമായി മനസിലാകാത്തവരുണ്ട്. മനസിലാക്കാൻ അവർക്ക് താത്പര്യവും ഉണ്ടാവില്ല. അത്തരക്കാരാണ് ഞാൻ ലോക്ഡൗൺ ലിഫ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി ഫേസ്ബുക്കിലെ പോസ്റ്റ് വായിച്ചു മനസിലാക്കിയത്. ലോക്ഡൗൺ കാലത്തു നമുക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന ഓർമപ്പെടുത്തലാണ് ഞാൻ നടത്തിയത്. മൈക്കുകൾ നിശബ്ദമാകുന്നത് എല്ലാവരുടെയും പ്രശ്നമാണ്. മൈക്കും മുദ്രാവാക്യങ്ങളുമാണ് നമ്മെ ഇവിടെവരെ എത്തിച്ചത്. നിശബ്ദത ജനാധിപത്യത്തെ സാനിറ്റൈസ് ചെയ്യും. ഇരുട്ടിലാകുന്നവർക്ക് രണ്ടു കാര്യങ്ങൾ ചെയ്യാം. ഒന്ന്, രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്നാഗ്രഹിക്കാം. രണ്ട്, രാവ് അവസാനിക്കുമ്പോഴുള്ള പുലരിക്കുവേണ്ടി കാത്തിരിക്കാം. ഇരുട്ട് സുഖപ്രദമാണെന്ന് കരുതുന്നവർ വെളിച്ചം ആഗ്രഹിക്കുന്നവരെ കുറ്റപ്പെടുത്തും. തമസോ മാ ജ്യോതിർഗമയ എന്നു തന്നെയായിരിക്കണം നമ്മുടെ പ്രാർഥന - ഇന്നും എന്നും എപ്പോഴും.

Loading...
COMMENTS