സീറ്റ് നിഷേധിച്ചു; വനിത ലീഗ് നേതാവ് സ്വതന്ത്രയായി മത്സരത്തിന്
text_fieldsതലശ്ശേരി: മുസ്ലിം ലീഗ് നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന പി.പി. സാജിത സ്വതന്ത്രയായി മത്സരത്തിന്. ചിറക്കര ന്യൂ ദാറുൽ ഹുദയിൽ പി.പി. സാജിത ചേറ്റംകുന്ന് വാർഡിൽ സ്വതന്ത്രയായാണ് മത്സരിക്കുന്നത്. ബുധനാഴ്ച പത്രിക സമർപ്പിച്ചു. കഴിഞ്ഞ തവണ സാജിത ലീഗ് പ്രതിനിധിയായി ജയിച്ചത് ഇതേ വാർഡിൽ നിന്നാണ്. വനിത ലീഗ് കണ്ണൂർ ജില്ല ജോ. സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
കൗൺസിലിൽ മൂന്ന് േടം പൂർത്തിയാക്കിയെന്ന കാരണത്താലാണ് സീറ്റ് നിഷേധിച്ചതെന്നും തനിക്കെതിരെ തലശ്ശേരിയിലെ ലീഗ് നേതാക്കൾ മോശം രീതിയിൽ പ്രചാരണം നടത്തുകയാണെന്നും സാജിത 'മാധ്യമ'ത്തോട് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ 15 വർഷമായവർ മാറണമെന്നാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. എന്നാൽ, ഏഴര വർഷം മാത്രമാണ് കൗൺസിലറായത്.
രണ്ടുതവണ ഉപതെരഞ്ഞെടുപ്പിലാണ് ജയിച്ചതെന്നും അവർ പറഞ്ഞു. സാജിതക്ക് സീറ്റ് നൽകാത്തതിനെതിരെ പ്രതിഷേധമുയർന്നിരുന്നു.