3000 രൂപക്ക് പരിധിയില്ലാതെ യാത്ര; സീസൺ കാർഡുമായി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിന് പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആർ.ടി.സിയുടെ സീസൺ കാർഡ്.
സ്ഥിരയാത്രക്കാരെയും ദീർഘദൂര യാത്രക്കാരെയും ലക്ഷ്യംവെച്ചാണ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. 1500, 3000, 5000 എന്നിങ്ങനെ മൂല്യമുള്ള കാർഡുകളാണ് ഒരു മാസത്തെ കാലാവധിയിൽ കെ.എസ്.ആർ.ടി.സി നൽകുന്നതെന്നും10 ദിവസത്തിനുള്ളിൽ സീസൺ കാർഡ് നിലവിൽ വരുമെന്നും സി.എം.ഡി എം.ജി. രാജമാണിക്യം ‘മാധ്യമ’ത്തോട് പറഞ്ഞു.
1500 രൂപയുടെ സീസൺ കാർഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി സർവിസുകളിൽ ജില്ലക്കുള്ളിൽ എത്രയും യാത്ര ചെയ്യാം. കാർഡ് ഏത് ജില്ലയിൽനിന്നും എടുക്കാം. ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്കുള്ള യാത്ര സാധിക്കില്ലെന്ന് മാത്രം. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി, ജനുറം നോൺ എ.സി എന്നീ ബസുകളിൽ സംസ്ഥാനത്തെവിടെയും എത്ര ദൂരവും യാത്ര ചെയ്യാനുള്ള അവസരമാണ് 3000 രൂപയുടെ കാർഡിലൂടെ ലഭിക്കുന്നത്.
5000 രൂപയുടെ കാർഡിലൂടെ സ്കാനിയ, വോൾവോ സർവീസുകൾ ഒഴികെ മറ്റ് എല്ലാ ബസുകളിലും ഒരു മാസത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം. അന്തർ സംസ്ഥാന യാത്രകളും ഇതിൽ ഉൾപ്പെടും. പദ്ധതിക്ക് ഗതാഗത മന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് പുതിയ സംരംഭം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തിൽ ഏതാനും ജില്ലകളിലാണ് സീസൺ കാർഡ് ഏർപ്പെടുത്തുക. ടിക്കറ്റ് മെഷീനിൽ മാറ്റം വരുത്താതെതന്നെ കാർഡ് പ്രയോജനപ്പെടുത്താൻ കഴിയും. ഡിപ്പോകൾ വഴി വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഏതു രേഖയാണോ കാർഡ് എടുക്കുന്നതിന് ഹാജരാക്കിയത് ആ മാസത്തെ എല്ലാ യാത്രക്കും ഈ തിരിച്ചറിയൽ രേഖ നിർബന്ധമാണ്. കാർഡുമായി യാത്ര ചെയ്യുന്നയാൾക്ക് കണ്ടക്ടർ തുക രേഖപ്പെടുത്താത്ത ടിക്കറ്റ് നൽകും. കാർഡ് കൈമാറുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ യാത്ര ചാർജിെൻറ പത്തിരട്ടി പിഴ അടയ്ക്കേണ്ടി വരും.
പരിശോധന കൂടുതൽ കർശനമാക്കും. സംരംഭത്തിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. റെയിൽവേയിലെ സീസൺ യാത്രക്കാരെയും ഇത് വഴി കെ.എസ്.ആർ.ടി.സിലേക്ക് എത്തിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
