ചെങ്ങമനാട്: പെരിയാറില്‍ മൃതദേഹമെന്ന് കരുതി മൂന്ന് മണിക്കൂറിലേറെ നീണ്ട സാഹസിക തിരച്ചിലിനൊടുവിൽ കണ്ടത്തെിയത് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍നിന്ന് പുറന്തള്ളിയ ഡമ്മി. പെരിയാറില്‍ ചെങ്ങമനാട് പഞ്ചായത്തിൻെറയും കരുമാല്ലൂര്‍ പഞ്ചായത്തിൻെറയും മധ്യഭാഗത്തായി പ്രളയത്തില്‍ അടിഞ്ഞുകൂടിയ ഇല്ലിപ്പടര്‍പ്പില്‍ മൃതദേഹം കണ്ടതായി വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് പാലപ്രശ്ശേരി കമ്പനിക്കടവ് ഭാഗത്തെ നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും കടവിലത്തെി.
മുങ്ങല്‍ വിദഗ്ദനായ അടുവാശ്ശേരി കളങ്ങര മഠത്തില്‍ സെയ്ദ്മുഹമ്മദ്, മകന്‍ സമീല്‍, സന്നദ്ധ പ്രവര്‍ത്തകനായ ആദം ഷിജു, അസീസ് കണ്ടകത്ത് എന്നിവരാണ് മൃതദേഹം കരക്കടുപ്പിക്കാന്‍ മൂന്ന് മണിക്കൂറോളം ശ്രമം നടത്തിയത്. പടര്‍ന്ന് പന്തലിച്ച ഇല്ലിപ്പടര്‍പ്പിനടിയില്‍ അടിയൊഴുക്കില്‍പ്പെട്ട് തങ്ങിനില്‍ക്കുന്ന മൃതദേഹം ഉയര്‍ത്തിയെടുത്ത് കരക്കടുപ്പിക്കാന്‍ ആവുന്നത്ര ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആഴക്കയങ്ങളിലും മുങ്ങിത്തപ്പാന്‍ വിദഗ്ദനായ സെയ്ദ്മുഹമ്മദ് പെരിയാറില്‍ ഇറങ്ങുകയായിരുന്നു.
തിരച്ചിലിനിടെ കണ്ടെത്തിയ ഡമ്മി
ഇല്ലിപ്പടര്‍പ്പിൻെറ അടിയില്‍ മുങ്ങിയത്തെി നോക്കിയപ്പോള്‍ മുഖവും തല ഭാഗവും കാണാനില്ല. അരഭാഗം മുതല്‍ കാല്‍പ്പാദം വരെയുള്ള ഏതോ വസ്ത്ര വ്യാപാരത്തില്‍നിന്ന് പെരിയാറില്‍ ഉപേക്ഷിച്ച ഡമ്മിയാണതെന്ന് വ്യക്തമായി. പഞ്ഞികൊണ്ടുണ്ടാക്കിയ തലഭാഗം വെള്ളത്തില്‍ കുതിര്‍ന്നു പോയതാണെന്നാണ് കരുതുന്നത്.
ഡമ്മി എടുക്കാന്‍ നോക്കിയെങ്കിലും ശക്തമായ അടിയൊഴുക്കില്‍ ഒഴുകിപ്പോവുകയും ചെയ്തു. കോവിഡ് 19ൻെറ പഞ്ചാത്തലത്തില്‍, മൃതദേഹം കരെക്കടുപ്പിക്കാന് പെരിയാറില്‍ ഇറങ്ങേണ്ടി വന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ധരിക്കാനുള്ള പി.പി.ഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസ് കമ്പനിക്കടവില്‍ നിലയുറപ്പിച്ചിരുന്നത്. മൃതദേഹമാണെന്ന് കരുതി തിരച്ചില്‍ നടത്തുന്നതിനിടെ ആലങ്ങാട് പൊലീസും ഫൈബര്‍ ബോട്ടില്‍ സ്ഥലത്തെത്തി. പ്രദേശം കണ്ടെയിന്‍മെൻറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മൃതദേഹം കണ്ടതായി വാര്‍ത്ത പരന്നത്.
മണിക്കൂറോളം തിരച്ചില്‍ നടത്തി മടങ്ങിയെത്തിയ രക്ഷാപ്രവര്‍ത്തകരെ നാട്ടുകാരും പൊലീസും സ്വീകരിച്ചപ്പോള്‍
ഉപേക്ഷിച്ച ഡമ്മിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് നാടിന് ആശ്വാസമായത്. മണിക്കൂറുകളോളം സാഹസിക ദൗത്യം കഴിഞ്ഞ് മടങ്ങിയത്തെിയ നാലുപേരെയും ചെങ്ങമനാട് എ.എസ്.ഐ ടി.കെ. വര്‍ഗീസിൻെറയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അനുമോദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.