കൊല്ലങ്കോട്: കുളത്തിൽ കാണാതായ യുവാവിനായി തിരച്ചിൽ തിങ്കളാഴ്ചയും തുടരും. നെന്മേനി മണികുണ്ടത്തെ ആറ് ഏക്കറോളം വലുപ്പമുള്ള കുളത്തിൽ മീൻ വളർത്താൻ കാവൽ നിൽക്കുന്ന കണമ്പ്ര സ്വദേശി ശിവരാമനെയാണ് (35) ശനിയാഴ്ച വൈകീട്ടോടെ കാണാതായത്. കുളിക്കാൻ ഇറങ്ങുകയും നീന്തുകയും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വസ്ത്രങ്ങളും ചെരിപ്പും കരയിലുണ്ട്. ഇയാൾ കയറിപ്പോകുന്നത് ആരും കണ്ടിട്ടില്ലാത്തതിനാൽ ഞായറാഴ്ച വൈകീട്ട് ചിറ്റൂർ അഗ്നിരക്ഷ നിലയത്തിലെ എ. ഗിരിയുടെ നേതൃത്വത്തിൽ ഒരുമണിക്കൂറോളം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പാലക്കാട്ടുനിന്ന് സ്കൂബ ടീം എത്തി ഫൈബർ ബോട്ടിൽ പരിശോധന നടത്തി.