കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാേഗജിലൂടെ സ്വർണം കടത്തിയ സംഭവത്തിൽ സ്വപ്ന സുരേഷിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ്. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെക്കുറിച്ച് വിശദ അന്വേഷണം നടത്താനൊരുങ്ങുകയാണ് അന്വേഷണസംഘം. ഇവരുടെ വിദേശ യാത്രകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും വിശദ അന്വേഷണം നടത്താനാണ് തീരുമാനം.
കോൺസുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ട്. ഒളിവിൽ പോയ സ്വപ്നയെ പിടികൂടി ചോദ്യം ചെയ്താെല ഇക്കാര്യം വ്യക്തമാകൂവെന്ന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്വപ്നക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേരള പൊലീസിെൻറ സഹായവും തേടിയിട്ടുണ്ട്. ഡി.ജി.പി മുഖേനയാണ് കസ്റ്റംസ് കമീഷണർ പൊലീസ് സഹായം തേടിയത്. ഇവർ എവിടെയാണെന്നത് സംബന്ധിച്ച വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. എന്നാൽ, ഉടൻ പിടിയിലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
തിങ്കളാഴ്ച അറസ്റ്റിലായ യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ പി.എസ്. സരിത്താണ് സ്വപ്നയുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ വെളിപ്പെടുത്തിയത്. എന്നാൽ, ഇയാൾ കേസിലുൾപ്പെട്ട മറ്റുള്ളവരെ കുറിച്ചൊന്നും സൂചിപ്പിച്ചിട്ടില്ല. കൂടുതൽ കാര്യങ്ങൾ സ്വപ്നക്കേ അറിയൂ എന്ന നിലപാടിലാണ്.
ജോലിയിൽനിന്ന് പുറത്താക്കിയെങ്കിലും ഇപ്പോഴും പി.ആർ.ഒതന്നെയാണെന്ന വ്യാജേനയാണ് സ്വർണക്കടത്ത് നടത്തിയത്. എന്നാൽ, വിദേശത്തുനിന്ന് സ്വർണം ആരാണ് അയച്ചത്, ആർക്കുവേണ്ടി, കൂട്ടാളികൾ ആരൊക്കെ എന്നുള്ള ചോദ്യങ്ങൾക്ക് സരിത്ത് വ്യക്തമായ മറുപടി നൽകിയിട്ടില്ല. സ്വർണക്കടത്ത് കേസ് ഇന്ത്യയും യു.എ.ഇയും തമ്മിെല നയതന്ത്ര വിഷയം കൂടിയായതിനാൽ പിഴവില്ലാത്ത അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. റിമാൻഡ് ചെയ്ത സരിത്തിനെ അന്വേഷണത്തിന് വിട്ടുകിട്ടാൻ കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട യു.എ.ഇയിൽനിന്നുള്ള സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ നിലവിൽ കസ്റ്റംസിന് പരിമിതിയുണ്ട്. കസ്റ്റംസ് അധികൃതർ യു.എ.ഇ കോൺസുലേറ്റിനും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യു.എ.ഇ വിദേശകാര്യമന്ത്രാലയത്തിനും ഇതുസംബന്ധിച്ച് കത്തയക്കും. ഇരുരാജ്യത്തെയും വകുപ്പുകൾ തമ്മിെല ആശയവിനിമയത്തിനുശേഷമേ വിദേശസംഘത്തെക്കുറിച്ച് അന്വേഷിക്കാനാകൂവെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിെൻറ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പെൻഡ്രൈവും ലാപ്ടോപ്പും അനുബന്ധ രേഖകളും പിടിച്ചെടുത്തു. കഴിഞ്ഞദിവസം സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സി.സി.ടി.വി പരിശോധനയിലാണ് സ്വപ്ന ശനിയാഴ്ചതന്നെ സ്ഥലം വിട്ടതായി കണ്ടെത്തിയത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ 11ന് കസ്റ്റംസ് വീണ്ടും പരിശോധനക്കെത്തി. ആറ് മണിക്കൂറിലധികം പരിശോധനക്ക് കൊച്ചിയിൽനിന്നുള്ള സംഘമാണ് നേതൃത്വം നൽകിയത്.
സ്വപ്നയുടെ ചില ഭൂമിയിടപാടുകൾ, ബിസിനസ് കരാറുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
അയച്ചത് ഫാസിൽ വഴി
കൊച്ചി: യു.എ.ഇയിൽ പ്രൊവിഷൻ സ്റ്റോർ നടത്തുന്ന ഫാസിൽ എന്നയാൾ വഴിയാണ് സ്വർണം കടത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇയാൾ എറണാകുളം സ്വദേശിയാണ്. സരിത്തിെൻറ നിർദേശപ്രകാരം സാധനങ്ങൾ ഓർഡർ എടുക്കുകയും പാക്കുചെയ്ത് അയക്കുകയുമായിരുന്നു ഇയാളെന്നാണ് വെളിപ്പെടുത്തൽ. ഡിപ്ലോമാറ്റിക് കാർഗോ വഴി ഇത്തരത്തിൽ ചെയ്യുന്നത് നിയമവിരുദ്ധമല്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു.