നോവായി ശ്രീനന്ദ; കാണാതായത് നാല് മിനിറ്റിൽ, സെൽഫിയെടുക്കാൻ മൊബൈൽ പോലും ഉണ്ടായിരുന്നില്ല; ചുരുളഴിയാതെ ദുരൂഹത
text_fields
മൈസൂർ: ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനി ശ്രീനന്ദ (15)യെ മരിച്ച നിലയിൽ കണ്ടെത്തിയത് കണ്ണീർ നോവുപടർത്തി. നാലുദിവസത്തെ ഊർജിത തിരിച്ചിലിനൊടുവിൽ ഏവരെയും കണ്ണീരണിയിച്ച് വെള്ളിയാഴ്ച 12.30ഓടെയായിരുന്നു മൃതദേഹം കണ്ടെടുത്തത്.
കാണാതായ സ്ഥലത്ത്നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മരണത്തിൽ കുടുംബങ്ങളടക്കം നിരവധിപേർ ദുരൂഹത ആരോപിക്കുന്നുണ്ട്. ശ്രീനന്ദയുടെ കൈയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സെൽഫി എടുക്കാൻ ഈ കുന്നിൻ മുകളിലേക്ക് എത്തേണ്ട സാഹചര്യമില്ലെന്ന് ബന്ധുക്കൾ പറയുന്നു. അപകടം നടന്നു എന്ന് പറയുന്നതിന് തൊട്ടുമുമ്പ് ബന്ധുക്കളുൾപ്പെടെയുള്ളവർ ആ സ്ഥലത്ത് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശ്രീനന്ദ എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്നും ദുരൂഹതയായി തുടരുന്നു.
കുട്ടിയെ മയക്കുമരുന്ന് നൽകി തട്ടികൊണ്ടുപോയതായിരിക്കാമെന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു. സമീപത്തുനിന്ന് പത്ത് കിലോമീറ്റർ ദൂരത്ത് മാത്രമാണ് സി.സി.ടി.വിയുള്ളത്. ഇതും ദുരൂഹത ചുരുളഴിക്കാൻ പ്രയാസകരമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതാകുന്നത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്നുള്ള യാത്രാ സംഘത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 40 പേരായിരുന്നു ഉണ്ടായിരുന്നത്. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. പിന്നീടാണ് കാണാതായത്. പാലക്കാട് നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ കണ്ടെത്താനായി സി.സി.ടി.വി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.
മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധൻഗിരി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയത്. കുന്നിന്റെ 300 അടി താഴ്ചയിൽവരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ സങ്കടകരമായ വാർത്ത വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

