ഷിജിന്റെ കുടുംബത്തെ സന്ദർശിച്ച് ഗോവിന്ദൻ മാസ്റ്റർ
text_fieldsഷിജിന്റെ കുടുംബത്തെ എം.വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചപ്പോൾ
കാണാതായ മത്സ്യത്തൊഴിലാളി ഷിജിന് വേണ്ടി തെരച്ചിൽ നടത്താത്തതിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് ജങ്ഷനിൽ നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ
ചിറയിൻകീഴ്: അപകടത്തിൽപെട്ട ഷിജിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഊർജിതമാക്കണമെന്നും ഭാര്യ സ്റ്റിജിക്ക് സർക്കാർ ജോലി നൽകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. ഓഖി വന്നപ്പോൾ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് പോലെ ഈ സർക്കാരും പാക്കേജ് പ്രഖ്യാപിക്കണമെന്നും ധനസഹായ തുക വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതലപ്പൊഴി ബോട്ട് അപകടത്തിൽ കാണാതായ ഷിജിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽപ്പെട്ട് മരണപ്പെട്ട ശ്രീമോന്റെ വീടും സന്ദർശിച്ചു. മുൻമന്ത്രി വി. ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ, ഒ.എസ്. അംബിക എം.എൽ.എ, ആർ. രാമു, ആർ. സുഭാഷ്, വി.എ. വിനീഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി. ലൈജു, ആർ. ജറാൾഡ് തുടങ്ങിയരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കാണാതായവർക്കായി തിരച്ചിൽ ഊർജിതമെന്ന് സർക്കാർ
തിരുവനന്തപുരം: മത്സ്യബന്ധനത്തിടെ കടലിൽ കാണാതായ ഷിജിൻ (32), ജോണി മത്തിയാസ് (61) എന്നിവർക്കായി ഏകോപിതമായ തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് സർക്കാർ. സംസ്ഥാന മത്സ്യവകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ല ഭരണകൂടം എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾക്ക് പുറമെ ഡൊണിയർ വിമാനം ഉപയോഗിച്ച് ദിവസേന മൂന്ന് മണിക്കൂറോളം വ്യോമനിരീക്ഷണവും നടക്കുന്നുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ വിഴിഞ്ഞത്തുനിന്നുള്ള വിദഗ്ധരായ സ്കൂബ ഡൈവിംഗ് സംഘം മുതലപ്പൊഴി മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കടലിലെ കലക്കും മോശം കാലാവസ്ഥയും കാരണം രക്ഷാദൗത്യം തുടരാനായില്ല. വ്യോമതെരച്ചിലിനുള്ള സമയം വർധിപ്പിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഗതാഗത മന്ത്രിയും ചിറയിൻകീഴ്, കോവളം എം.എൽ.എമാരും നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്.
ഫിഷറീസ് ഡയറക്ടറുടെ അധ്യക്ഷതയിൽ വിഴിഞ്ഞത്ത് അവലോകന യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കോസ്റ്റ് ഗാർഡ് കപ്പലിൽ ബന്ധുക്കളെയും കൂടി കയറ്റി തിരച്ചിൽ നടത്താൻ അനുവാദം വേണമെന്ന് കുടുംബം നിർദേശിച്ചെങ്കിലും സുരക്ഷ മാനദണ്ഡങ്ങൾ മുൻനിർത്തി ഇത് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു കോസ്റ്റ് ഗാർഡ് നിലപാട്. മരണപ്പെട്ട ഫ്രീമോന്റെയും ആന്റണിയുടെയും കുടുംബങ്ങൾക്ക് മത്സ്യവകുപ്പിന്റെ അടിയന്തര ധനസഹായമായ 25,000 രൂപ കൈമാറിയിരുന്നു. കടൽ പ്രക്ഷുബ്ധമായതും കാലാവസ്ഥ വ്യതിയാനവുമാണ് തെരച്ചിൽ നടപടികൾക്ക് പ്രധാന തടസ്സമായി നിൽക്കുന്നത്.
തിരച്ചിൽ ഊർജിതമാക്കും -മന്ത്രി സി.പി. ജോൺ
മന്ത്രി സിപി ജോണിന്റെ സാന്നിധ്യത്തിൽ അഞ്ചുതെങ്ങിൽ യോഗം ചേർന്നപ്പോൾ
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തെരച്ചിൽ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി. ജോൺ. ഷിജിന്റെ കുടുംബാംഗങ്ങൾ, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫൊറോന പള്ളിയിൽ നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിജിന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ സർക്കാർ പൂർണമായും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തെ പൂർണമായി ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ തെരച്ചിൽ തുടരും. കടലിന്റെ സ്വഭാവം നന്നായി അറിയുന്ന പത്ത് മത്സ്യത്തൊഴിലാളികളെ ഫാദർ സന്തോഷിന്റെ നേതൃത്വത്തിൽ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. പിന്നീടുള്ള കാര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയും സർക്കാറും അനുഭാവപൂർണമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഒരു നൂലാമാലകളുമില്ലാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിച്ചത്
ചിറയിൻകീഴ്: തെരച്ചിൽ അവസാനിപ്പിച്ച് അധികൃതർ, പ്രതിഷേധവുമായി തീരവാസികൾ. അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന് സമീപം മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ട് കാണാതായ ഷിജിന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികളും ഷിജിന്റെ ബന്ധുക്കളും സമര രംഗത്തിറങ്ങി. വെള്ളിയാഴ്ച രാവിലെ മുതൽ മുതലപ്പൊഴി തീരദേശ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ എത്തി. ഒരു സംഘം ആൾക്കാർ പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചപ്പോൾ ഒരു വിഭാഗം ആൾക്കാർ തീരദേശപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശക്തമായ മഴയെയും അവഗണിച്ചായിരുന്നു സമരം. ഷിജിന്റെ ഭാര്യയും മക്കളും ബന്ധുക്കളും ആണ് ആദ്യം സമരരംഗത്തിറങ്ങിയത്. മത്സ്യത്തൊഴിലാളികൾ നാട്ടുകാരും ഇതിനൊപ്പം ചേരുകയായിരുന്നു. രാവിലെ മുതലപ്പൊഴി പുലിമുട്ട് ഭാഗത്ത് ചൂണ്ടയിടുന്നവർ ചില സംശയങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളിൽ എത്തി ഈ ഭാഗത്ത് തിരക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഔദ്യോഗിക സംവിധാനങ്ങൾ പേരിന് വേണ്ടിയെങ്കിലും തെരച്ചിൽ നടത്തിയിരുന്നു. വെള്ളിയാഴ്ച അതും ഉണ്ടായില്ല. ഇതോടെയാണ് ജനം പ്രകോപിതരായി തെരുവിൽ ഇറങ്ങിയത്.
സമരത്തെ തുടർന്ന് തീരദേശ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുകയും തീരദേശ പാതവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഉപരോധം തുടരുന്നതിടെ കോസ്റ്റൽ പൊലീസ് സ്റ്റേഷനുള്ളിൽ ഇടവക വികാരികളുമായും ജനപ്രതിനിധികളുമായും വർക്കല ഡിവൈ.എസ്.പി രമേഷ് കുമാർ ചർച്ച നടത്തി. ഈ ചർച്ചയിൽ തീരുമാനങ്ങൾ ഒന്നുമുണ്ടായില്ല. തുടർന്ന് ഫിഷറീസ് വകുപ്പ് ഡി.ഡി ഷീജ മേരി സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. മന്ത്രി നേരിട്ട് വന്ന് ചർച്ച നടത്തും എന്ന ഉറപ്പിനെ തുടർന്ന് വൈകുന്നേരം മൂന്നോടെ സമരം അവസാനിപ്പിച്ചു. മുതലപ്പൊഴിയിൽ സമരം അവസാനിപ്പിച്ച അതേസമയം അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് ജനങ്ങൾ റോഡ് ഉപരോധം ആരംഭിച്ചു. ഷിജിന്റെ നാട്ടുകാരാണ് റോഡ് ഉപരോധിച്ചത്. അഞ്ചുതെങ്ങ് ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള സമരം ആയിരുന്നതിനാൽ തീരദേശ മേഖലകളിലേക്കുള്ള ഗതാഗതവും പൂർണമായും തടസ്സപ്പെട്ടു. പൊലീസ് ഓഫിസർമാരും ജനപ്രതിനിധികളും ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഒന്നരമണിക്കൂറിന് ശേഷം ഇവിടെയും സമരം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

