ചാലിയാറിൽ പെൺകുട്ടിയുടേത് അടക്കം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; തിരച്ചിൽ തുടരുന്നു
text_fieldsമുണ്ടേരി (മലപ്പുറം): ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. ഉരുൾ ദുരന്തത്തിൽ പെട്ട രണ്ട് സ്ത്രീകളുടെ മൃതശരീരങ്ങൾ കൂടി ശനയാഴ്ച ചാലിയാറിൽ നിന്നും കണ്ടെടുത്തു. മൃതശരീരങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മുണ്ടേരിക്ക് സമീപം തുടിമുടി, അമ്പുട്ടാൻ പുട്ടി എന്നിവിടങ്ങളിൽ നിന്നാണ് രണ്ട് മൃതശരീരങ്ങൾ തെരച്ചിൽ സംഘം കണ്ടെത്തിയത്. മാനവേദൻ സ്കൂൾ കടവിന് സമീപം ഒരു കാലും കിട്ടി. ഇന്നലെ മുണ്ടേരി ഭാഗത്ത് നിന്ന് ഏഴ് മൃതശരീരങ്ങൾ കിട്ടിയിരുന്നു.
ദുരന്തത്തിന്റെ അഞ്ചാം നാളിൽ ചാലിയാർ അരിച്ചുപെറുക്കി തെരച്ചിൽ നടന്നുവരികയാണ്. ഇതുവരെ മൊത്തം ലഭിച്ച മൃതശരീരങ്ങളിൽ മൂന്നിലൊന്ന് ഭാഗവും നിലമ്പൂർ പോത്തുകല്ല് മേഖലയിലെ ചാലിയാറിൽ നിന്നും വനത്തിൽ നിന്നുമാണ്. ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 70 മൃതശരീരങ്ങളും 122 ശരീര ഭാഗങ്ങളുമാണ്.
40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന ഒമ്പത് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസ്, വനം, ഫയർഫോഴ്സ്, തണ്ടർബോൾട്ട്, എൻ.ഡി.ആർ.എഫ്, നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്നാണ് ചാലിയാറിലും വനങ്ങളിലും തുടർച്ചയായ അഞ്ചാം ദിനത്തിലും തെരച്ചിൽ നടത്തുന്നത്. മുണ്ടേരിയിൽ കോപ്ടറിന് പുറമെ ഡ്രോണുകളും തിരച്ചിലിന് ഉപയോഗിക്കും.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രദേശങ്ങളിൽ കോപ്റ്റർ ഉപയോഗിച്ച് ഇന്നലെയും പരിശോധന നടത്തിയിരുന്നു. കോസ്റ്റ്ഗാർഡും നേവിയും തണ്ടർബോൾട്ട് സേനയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതശരീരങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പൊലീസിന്റെ രണ്ട് ഡോഗ് സ്ക്വാഡുകൾ മുണ്ടേരി ഫാം കേന്ദ്രീകരിച്ച് ചാലിയാറിന്റെ ഓരങ്ങൾ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

