കടൽ മണൽ ഖനനം; വരുന്നത് വൻകിട കമ്പനികൾ; ആശങ്കയിൽ കടലോരം
text_fieldsതിരുവനന്തപുരം: കടൽ മണൽ ഖനനത്തിനുള്ള നീക്കങ്ങൾ വേഗത്തിലായിരിക്കെ കടലോളം ആശങ്കയിൽ സംസ്ഥാനത്തെ തീരമേഖല. കടലും മത്സ്യവും അനുബന്ധ മേഖലകളും ഏറെ നിർണായകമായ തീരദേശ ഗ്രാമങ്ങളെ കടൽ മണൽ ഖനനത്തിനായി അണിയറയിൽ നടക്കുന്ന നടപടികൾ ഉറക്കംകെടുത്തുന്നു. മത്സ്യലഭ്യത കുറയുന്നതടക്കം വിവിധ പ്രതിസന്ധികൾ നേരിടുന്ന മത്സ്യമേഖലയിൽ മണൽ ഖനനത്തിനായുള്ള വൻകിട കമ്പനികളുടെ കടന്നുവരവ് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭരണ-പ്രതിപക്ഷ ഭേദമന്യേ കടൽ മണൽ ഖനനത്തിനെതിരെ രംഗത്തുള്ളത് തീരമേഖലക്ക് കുറച്ചെങ്കിലും ആശ്വാസം നൽകുന്നു. മത്സ്യത്തൊഴിലാളി സംഘടനകളും വിഷയം ഉയർത്തി സമരരംഗത്താണ്. കൂടുതൽ സന്നദ്ധ, സാമുദായിക സംഘടനകളും പ്രക്ഷോഭരംഗത്തേക്ക് വരുന്നു. വരുന്നത് വൻകിട കമ്പനികളായതിനാൽ ഇവരുടെ പ്രവർത്തനമേഖല കടലോര ജനജീവിതത്തിൽ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ലെന്ന വിലയിരുത്തൽ സംസ്ഥാന സർക്കാറിനുമുണ്ട്. ഇത് തീരദേശത്ത് അരക്ഷിതാവസ്ഥക്ക് കാരണമാവുമെന്ന ആശങ്ക സർക്കാർ പ്രകടിപ്പിക്കുന്നു.
കടൽ മണൽ ഖനനം സംബന്ധിച്ച് നിയമസഭയിൽ വന്ന ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കയും വിയോജിപ്പുകളും കേന്ദ്ര സർക്കാറിനെ ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് സർക്കാർ ആവർത്തിച്ച് നൽകുന്ന വിശദീകരണം.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് കേരള തീരത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന മണൽ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് 2002ലെ ഒാഫ്ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകൾ അടിസ്ഥാനമാക്കി മണൽ നിക്ഷേപമുള്ള ബ്ലോക്കുകൾ ലേലം ചെയ്ത് കമ്പനികൾക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇക്കൊല്ലംതന്നെ ഇതുമായി ബന്ധപ്പെട്ട പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സാധ്യത. മണൽ ലേലത്തിനായി ആദ്യഘട്ടത്തിൽ പരിഗണിക്കുന്ന കൊല്ലം മേഖലയിലെ മൂന്ന് ബ്ലോക്കുകളിലായി 300 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ടെന്നാണ് കണക്കുകൂട്ടൽ.
കേന്ദ്ര നടപടികൾ സംസ്ഥാനങ്ങളെ പരിഗണിക്കാതെ
തിരുവനന്തപുരം: 2002ലെ ഓഫ് ഷോർ ഏരിയാസ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലെ മാനദണ്ഡങ്ങളും വ്യവസ്ഥകളും സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ അവഗണിച്ചായിരുന്നു. ആക്ടിലെ സെക്ഷൻ -16 ധാതുസമ്പത്തിന്റെ ഖനനത്തിലൂടെ ലഭിക്കുന്ന റോയൽറ്റി കേന്ദ്ര സർക്കാറിനാണെന്ന് വ്യവസ്ഥ ചെയ്യുന്നു. 2023ലെ ഭേദഗതി (സെക്ഷൻ -അഞ്ച്) സ്വകാര്യ മേഖലക്കുകൂടി ഖനനത്തിൽ പങ്കാളിത്തം നൽകുന്ന വിധത്തിലാക്കി.
ആക്ടിലെ പോരായ്മകൾ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താവുന്ന ഘട്ടത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിയോജിപ്പ് അറിയിച്ചിരുന്നു. ഓഫ് ഷോർ ധാതുക്കളുടെ ഖനനത്തിന് പരിസ്ഥിതി സംരക്ഷണ ഘടകങ്ങൾ പരിഗണിക്കുന്നില്ലെന്ന ആശങ്കയും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈകിയാണെങ്കിലും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയോട് ഓഫ്ഷോർ ഖനനത്തിന്റെ പാരിസ്ഥിതിക വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
തീരദേശ ഹർത്താൽ 27ന്
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ നിലനിൽപിനെ ബാധിക്കുന്ന കടൽ മണൽഖനന നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 27ന് തീരദേശ ഹർത്താൽ നടത്തും. 26ന് വൈകീട്ട് മുതൽ 27ന് വൈകീട്ട് വരെ മത്സ്യബന്ധനവും വിപണനവും നിർത്തിവെക്കുമെന്ന് കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ആർ. ജെറാൾഡ് അറിയിച്ചു.
കടലും കടൽ സമ്പത്തും സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നതിനെതിരെ തലസ്ഥാനത്ത് വ്യാഴാഴ്ച നടന്ന കൺവെൻഷനിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. വെട്ടുകാട് കമ്യൂണിറ്റി ഹാളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. കടൽ മണൽ ഖനനത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി മുൻ അംഗം ഡോ. കെ.ജി. താര മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

