കടൽ മണൽ ഖനനം: മൽസ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കും- സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കടൽ മണൽ ഖനനം സംസ്ഥാനത്തെ മൽസ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഈവിഷയം സംബന്ധിച്ച് സംസ്ഥാനത്തിന്റെയും മൽസ്യത്തൊഴിലാളികളുടെയും ആശങ്കകളും വിയോജിപ്പും ഫിഷറീസ് വകുപ്പ് കേന്ദ്ര സർക്കാരിനെ അറിയിച്ചുവെന്നും സി.സി മുകുന്ദൻ, ഇ.കെ. വിജയൻ, ജി.എസ് ജയലാൽ, ഇ.ടി ടൈസൺ മാസ്റ്റർ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
കടൽ ഖനനം ഏറെ സാമ്പത്തിക മുതൽമുടക്കും സാങ്കേതിക പിൻബലവും ആവശ്യമുള്ള മേഖലയാണ്. ഖനനത്തിനായി ഈ മേഖലയിലേക്ക് കടന്നുവരുന്നത് തീർച്ചയായും വൻകിട കുത്തക കമ്പനികളായിരിക്കും. വൻകിട കമ്പനികളുടെ ലാഭത്തിനായി പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണ മാർഗവും സാധാരണ ജനങ്ങളുടെ പോഷക സ്രോതസും ഇല്ലാതാക്കുന്നത് തീരപ്രദേശത്ത് അരക്ഷിതാവസ്ഥക്ക് കാരണമാവും എന്ന കാര്യത്തിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, കേരളത്തിന്റെ ഓഫ്ഷോർ മേഖലയിൽ കേന്ദ്ര ഏജൻസിയായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയുക്തമാകുന്ന മണൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2002 ലെ ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡവലപ്പ്മെൻറ് ആൻഡ് റെഗുലേഷൻ) നിയമത്തിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കി ഈ ധാതുവിഭവമടങ്ങുന്ന ബ്ലോക്കുകൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
മണൽ ബ്ലോക്ക് ലേലവുമായി ബന്ധപ്പെട്ട് നിലവിൽ പരിഗണിക്കുന്ന കൊല്ലം മേഖലയിലെ മൂന്ന് ബ്ലോക്കുകളിലും കൂടി ഏകദേശം 300 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തി. ഈ മേഖലയിൽ സമുദ്രത്തിന് ഏകദേശം 48 മീറ്റർ മുതൽ 62 മീറ്റർ വരെ ആഴമുണ്ട്. നിയമത്തിൽ 2023 ൽ വരുത്തിയ ഭേദഗതിയിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഖനന മേഖല തുറന്ന് നൽകിയിരിക്കുകയാണ്.
കടലിന്റെ അടിത്തട്ടിലെ ധാതു ഖനനം ടെറിട്ടോറിയൽ മേഖല, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഈ പ്രദേശത്തുള്ള കടൽ ഖനനം നമ്മുടെ നാട്ടിലെ കടൽ, കായൽ മത്സ്യബന്ധന മേഖലയെ പൂർണമായും ഇല്ലാതാക്കും. കടൽ ഖനനത്തിനായും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമായും തീരക്കടലിൽ എത്തുന്ന നിരവധി കപ്പലുകൾ/ബോട്ടുകൾ എന്നിവ മത്സ്യബന്ധനത്തിന് അസൗകര്യം സൃഷ്ടിക്കുകയും തീരക്കടലിൽ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും അവരുടെ യാനങ്ങളുടെയും സുരക്ഷയെ നേരിട്ട് ബാധിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങൾ നഷ്ടപ്പെടുത്തുന്നതിനും കാരണമാകും.
അടിത്തട്ടിലെ ധാതു ഖനനം കടലിലെയും ഉൾനാടൻ ജലാശയങ്ങളിലെയും മത്സ്യ ഉത്പാദനം ഗണ്യമായി കുറയാനും കാരണമാവും. താരതമ്യേന വിലകുറഞ്ഞ മാംസ്യ സ്രോതസായ മത്സ്യത്തിൻറെ ലഭ്യത കുറവ് പൊതുജന ആരോഗ്യത്തെ നേരിട്ട് ബാധിക്കും. ധാതു ഖനനം കടലിന്റെ അടിത്തട്ടിൽ അധിശോഷണാവസ്ഥയിൽ അടിഞ്ഞുകൂടിയ വിഷവാതകങ്ങളെ സ്വതന്ത്രമാക്കുന്നതിന് ഇടയാക്കും. ഇത് കടൽ ജലത്തിന്റെ മലിനീകരണത്തിനും അതുമൂലം മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ വ്യാപകമായ നാശത്തിനും കാരണമാകും.
കടലിലെ പ്രാഥമിക ഉത്പാദനമാണ് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള സകല ജന്തു ജാലങ്ങളുടെയും നിലനിൽപ്പിനുള്ള ആധാരം. അതിനാൽ കടൽ വെള്ളത്തിലെ കലക്കൽ മൂലം മത്സ്യ ലഭ്യത നന്നേ കുറയാനും കാരണമാകും. അതിനാൽ ധാതുഖനനം ഏതൊക്കം തരിത്തിൽ ബാധിക്കും എന്നത് സംബന്ധിച്ച് ദേശീയ തലത്തിൽ ഗൗരവമായ ചർച്ചകൾ ആവശ്യമാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

