കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കിട്ടി
text_fieldsഅപ്പു, അംഗിത്
കാഞ്ഞങ്ങാട്: ഞായറാഴ്ച വൈകീട്ട് പള്ളിക്കര കല്ലിങ്കാലിൽ കടലിൽ കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച ഉച്ചക്ക് ചിത്താരിയിലെയും മുട്ടുംന്തലയിലെയും പുഴകളിൽനിന്നായി കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത് (20), അപ്പു ടി. എബ്രഹാം (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
രാവിലെ നാട്ടുകാരും പൊലീസും കോസ്റ്റ് ഗാർഡും തിരച്ചിൽ തുടരുന്നതിനിടെ അപ്പുവിന്റെ മൃതദേഹം ചിത്താരി പുഴ മധ്യത്തിൽ ഒഴുകുന്നതായി ശ്രദ്ധയിൽപെട്ടു. കടലിൽനിന്നും ഒഴുകി അഴിമുഖം വഴി പുഴയിലെത്തിയതാണെന്ന് കരുതുന്നു. കരക്കെത്തിച്ച ശേഷം മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമനായി തിരച്ചിൽ തുടരുന്നതിനിടെ ഒരുമണിക്കൂറിനുശേഷം മുട്ടുംന്തല അഴിമുഖത്തിനടുത്തായി പുഴയിൽ കണ്ടെത്തി. വലക്കാർ കണ്ട് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രണ്ട് മൃതദേഹങ്ങളും ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകീട്ട് ആറരയോടുകൂടി ബേക്കൽ കോട്ടക്ക് സമീപത്ത് 600 മീറ്റർ അകലെ ബീച്ചിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കോട്ടയം ചങ്ങനാശ്ശേരിയിൽനിന്ന് എത്തിയ നാലംഗ വിദ്യാർഥി സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ശക്തമായ തിരമാലയിൽപ്പെട്ടാണ് രണ്ടുപേരെയും കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് നാട്ടുകാരും ബേക്കൽ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആദ്യ ദിവസം ഫലമുണ്ടാകാത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ച് തിങ്കളാഴ്ച വീണ്ടും തിരച്ചിൽ തുടരുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

