നിലമ്പൂരിൽ എസ്.ഡി.പി.ഐ നിലപാട് ചൊവ്വാഴ്ച; സ്ഥാനാർഥിയെ നിർത്തിയേക്കും
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ നിലപാട് ചൊവ്വാഴ്ച ബംഗളൂരുവിൽ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റ് തീരുമാനിക്കും. ബുധനാഴ്ച മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നടത്തും. ഏതെങ്കിലും മുന്നണിയെ പിന്തുണക്കേണ്ടതില്ലെന്നും പാർട്ടി മത്സരിക്കണമെന്നുമാണ് പ്രാദേശികമായി പ്രവർത്തകരുടെ വികാരം. മലപ്പുറം ജില്ല കമ്മിറ്റിയിലും സ്ഥാനാർഥിയെ നിർത്തണമെന്ന നിലപാടിനാണ് മുൻതൂക്കം.
അതേസമയം സംസ്ഥാന, ദേശീയ വിഷയങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു. ഒടുവിൽ 2017ലെ വേങ്ങര ഉപതെരഞ്ഞെടുപ്പിലാണ് എസ്.ഡി.പി.ഐ സ്ഥാനാർഥിയെ നിർത്തിയത്. തുടർന്ന് നടന്ന തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല. പാലക്കാട്ട് യു.ഡി.എഫിനെ പിന്തുണച്ച എസ്.ഡി.പി.ഐ ചേലക്കരയിൽ പി.വി. അൻവറിന്റെ സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വവുമായി ധാരണയായെങ്കിലും പിന്നീട് വി.ഡി. സതീശനും എം.എം. ഹസനുമടക്കം പരസ്യമായി തള്ളിപ്പറഞ്ഞതാണ് എസ്.ഡി.പി.ഐയെ ചൊടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ വഞ്ചനപരമായ സമീപനത്തിൽ പ്രവർത്തകരിൽ പ്രതിഷേധമുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ 4751ഉം 2021ൽ 3281ഉം വോട്ടുകൾ എസ്.ഡി.പി.ഐ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

