Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാഴാഴ്ച ഇ.ഡി...

വ്യാഴാഴ്ച ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും -എസ്.ഡി.പി.ഐ

text_fields
bookmark_border
വ്യാഴാഴ്ച ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും -എസ്.ഡി.പി.ഐ
cancel

കൊച്ചി: ഇ.ഡി പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണം മാത്രം, കൊടകര കുഴൽപ്പണ കേസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ മൂന്ന് വ്യാഴാഴ്ച കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് എസ്.ഡി.പി.ഐ. രാവിലെ 10 ന് സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് മാർച്ച് ഉദ്ഘാടനം ചെയ്യും.

സാക്ഷിമൊഴി ഉൾപ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രതിപ്പട്ടികയിൽ ബി ജെ പി നേതാക്കൾ ആണെന്ന ഒറ്റക്കാരണത്താൽ കൊടകര കുഴൽപണ കേസ് അട്ടിമറിച്ച ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് ബി ജെ പി യുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഏജൻസിയായാണ് ഇഡി പ്രവർത്തിക്കുന്നത് എന്നു ബോധ്യപ്പെടുത്തുന്നതാണ് അവരുടെ ഇടപെടലുകൾ.

വ്യാജകഥകൾ കെട്ടിച്ചമച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെയും വിമർശകരെയും തുറുങ്കിലടക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഇ.ഡി ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാൻ നടത്തുന്ന ഹീനമായ ശ്രമങ്ങൾ അപഹാസ്യമാണ്. എസ്ഡിപിഐക്കെതിരേ ഇ.ഡി ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ ബിജെപിയുടെ താൽപ്പര്യപ്രകാരമാണ്.

രാജ്യത്ത് ഇ.ഡി അന്വേഷിച്ച കേസുകളിൽ ഏറ്റവും വ്യക്തവും സ്പഷ്ടവുമായിരുന്നു കൊടകര കള്ളപ്പണ കേസ്. കേസില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് വ്യക്തമാക്കി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പാടെ അവഗണിച്ച് കള്ളപ്പണ ഇടപാടും ഉറവിടവും അന്വേഷിക്കാതെ കവര്‍ച്ചക്കേസ് മാത്രമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. കൂടാതെ നേതാക്കളെ രക്ഷിക്കാന്‍ ഇ.ഡി മെനഞ്ഞുണ്ടാക്കിയ സ്ഥല കച്ചവട കഥ ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.

കൊടകര സംഭവം അന്വേഷിച്ച പൊലീസ് സംഘം ബി.ജെ.പിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 41.4 കോടിയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 12 കോടിയും ഉള്‍പ്പെടെ 53.4 കോടി കുഴല്‍പ്പണം ഇറക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. 23 പ്രതികളെ അറസ്റ്റും ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ 41.4 കോടി ഹവാലപ്പണം ധര്‍മരാജന്‍ ഇറക്കിയതായാണ് റിപ്പോര്‍ട്ട്. ഒമ്പതു ജില്ലകളില്‍ പണം കൈമാറി. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയിലും പണമെത്തി.

ഇതില്‍ 3.5 കോടിയാണ് കൊടകരയില്‍ കവര്‍ന്നത്. കവര്‍ച്ച നടന്നയുടന്‍ കെ. സുരേന്ദ്രനുമായി ധര്‍മരാജന്‍ ബന്ധപ്പെട്ടിരുന്നു. മധ്യമേഖലാ സെക്രട്ടറി കാശിനാഥന്‍, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ എന്നിവര്‍ കൊടകരയിലെത്തി. പൊലീസില്‍ അറിയിക്കാതെ ധര്‍മരാജനെ ബി.ജെ.പി തശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരിയും ഓഫീസിലെത്തി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ പ്രതിയുമായി കൂടിക്കാഴ്ച നടത്തി. ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഇഡിക്കൊപ്പം തിരഞ്ഞെടുപ്പു കമീഷനും ആദായനികുതി വകുപ്പിനും പൊലീസ് സമര്‍പ്പിച്ചിരുന്നു.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആറ് ചാക്കില്‍ പണമെത്തിയതിന് താന്‍ സാക്ഷിയാണെന്ന ബി.ജെ.പി തൃശൂര്‍ ജില്ല മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍ ഇഡി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബി.ജെ.പി നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം അവര്‍ക്ക് താമസിക്കാന്‍ മുറിയെടുത്തു നല്‍കിയത് താനാണെന്നും സതീശന്‍ പറഞ്ഞിരുന്നു.

പൊലീസ് കുറ്റപത്രത്തില്‍ പറയുന്നതിന് നേര്‍വിപരീതമായാണ് ധര്‍മരാജന്റെ മൊഴിയെന്ന പേരില്‍ ഇ.ഡി കുറ്റപത്രത്തിലുള്ളത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്‍പ്പണമല്ലെന്നും ആലപ്പുഴയിലെ ട്രാവന്‍കൂര്‍ പാലസിലെ സ്ഥലം വാങ്ങാന്‍ കൊണ്ടുവന്ന പണമാണെന്നും ധര്‍മരാജന്‍ മൊഴി നല്‍കിയെന്നാണ് ഇ.ഡി കുറ്റപത്രത്തിലുള്ളത്. ആലപ്പുഴയിലെ വെള്ളാപ്പള്ളി ഗ്രൂപ്പിന്റെ ട്രാവന്‍കൂര്‍ പാലസ് വാങ്ങുന്നതിനുള്ള പണമാണെന്നാണ് ഇ.ഡി പറയുന്നത്.

എന്നാല്‍ ഈ സ്ഥലം വില്‍ക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും വാങ്ങാന്‍ ആരും തന്നെ സമീപിച്ചിട്ടുമില്ലെന്നും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇ.ഡിയുടെ രാഷ്ട്രീയ ദുഷ്ടലാക്കും വിവേചനവും കൂടുതൽ വ്യക്തമാക്കുന്നതിന് എം കെ ഫൈസിയുടെ അറസ്റ്റ് മാത്രം പരിശോധിച്ചാൽ മതി.

തെളിവുകളുടെ അഭാവത്തിൽ സഹകുറ്റാരോപിതരെ മുഴുവൻ കോടതി ജാമ്യം നൽകിയ കേസിലാണ് ഫൈസിയെ ഇപ്പോൾ തടവിലാക്കിയിരിക്കുന്നത്. ഇ.ഡിയുടെ ഇരട്ടത്താപ്പും വിവേചനവും സ്വജനപക്ഷപാതവും പൗരസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണങ്ങൾ വരും നാളുകളിൽ കൂടുതൽ ശക്തമാക്കുമെന്നും സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതിയംഗം വി.എ. ഷൗക്കത്തലി, എറണാകുളം ജില്ലാ പ്രസിഡൻറ് അജ്മൽ കെ. മുജീബ് സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIED Director
News Summary - SDPI will march to ED headquarters on Thursday
Next Story