നിലമ്പൂരിൽ എസ്.ഡി.പി.ഐ മത്സരിക്കും; അഡ്വ. സാദിഖ് നടുത്തൊടി സ്ഥാനാർഥി
text_fieldsമലപ്പുറം: നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എസ്.ഡി.പി.ഐ. അഡ്വ. സാദിഖ് നടുത്തൊടിയാണ് പാർട്ടി സ്ഥാനാർഥിയാകുക എന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ചിലര്‍ മണ്ഡലത്തെ കുത്തകയാക്കി വെച്ചിട്ടും നിലമ്പൂരിലെ ജനതക്ക് വികസനം ഇന്നും കിട്ടാക്കനിയാണ്. മുന്നൂ മുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ളയാണെന്ന് തിരിച്ചറിയാനുള്ള വിവേകം വോട്ടര്‍മാര്‍ക്കുണ്ട്. പി.വി. അന്‍വറിനെ തെരഞ്ഞെടുത്തെങ്കിലും ഭരണപങ്കാളിത്തം ഉണ്ടായിട്ടു പോലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശം കൂടിയാണിത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ട് ജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. നഷ്ടപരിഹാരം പോലും പൂര്‍ണമായി നല്‍കിയിട്ടില്ല. വന്യമൃഗശല്യം മൂലം ജനങ്ങള്‍ കൃഷി ഉപേക്ഷിക്കുകയാണ്. പ്രകൃതി ക്ഷോഭം, വന്യജീവി ശല്യം ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും സി.പി.എ ലത്തീഫ് ചൂണ്ടിക്കാട്ടി.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. റഫീഖ്, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.ടി. ഇഖ്‌റാമുല്‍ ഹഖ്, ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ പഴഞ്ഞി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

