കോട്ടാങ്ങലിൽ വീണ്ടും എസ്.ഡി.പി.ഐ പിന്തുണ; എൽ.ഡി.എഫ് പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചു
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചു. എസ്.ഡി.പി.ഐ പിന്തുണയിൽ വിജയിച്ചതിനാലാണ് രാജി. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് വീതവും യു.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒന്നുമാണ് കക്ഷിനില.
തിങ്കളാഴ്ച രാവിലെ 11ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ബിനു ജോസഫ് പ്രസിഡൻറായും വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജമീല ബീവി വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയിലെ ജസീല സിറാജ് എൽ.ഡി.എഫിനെ പിന്തുണച്ചു. യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു.
എസ്.ഡി.പി.ഐ പിന്തുണയിൽ ഭരണം വേണ്ടെന്ന എൽ.ഡി.എഫ് തീരുമാനത്തെ തുടർന്നാണ് പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചത്. കഴിഞ്ഞ ഡിസംബർ 30ന് നടന്ന പ്രസിഡൻറ് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ബിനു ജോസഫും ജമീല ബീവിയും തെരത്തെടുക്കപ്പെട്ടിരുന്നു. അന്നും എസ്.ഡി.പി.ഐ എൽ.ഡി.എഫിനാണ് വോട്ടുചെയ്തത്. ഇതോടെ കോട്ടാങ്ങലിൽ ഭരണപ്രതിസന്ധിക്ക് വഴിയൊരുങ്ങുകയാണ്.

