തിരുവനന്തപുരം: ത്രികോണ മത്സരം നടന്ന നേമത്ത് ഇടതുമുന്നണിക്ക് വോട്ട് ചെയ്തതായി എസ്.ഡി.പി.െഎ. തിരുവനന്തപുരത്ത് യു.ഡി.എഫിനും വോട്ട് ചെയ്തു. കഴക്കൂട്ടത്ത് മനസ്സാക്ഷി വോട്ടാണ് ചെയ്തത്. ബി.ജെ.പിയുടെ സാധ്യത തടയാനാണ് നേമത്ത് ഇടതിനെയും തിരുവനന്തപുരത്ത് യു.ഡി.എഫിനെയും പിന്തുണച്ചതെന്ന് ജില്ല പ്രസിഡൻറ് സിയാദ് കണ്ടള മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിക്ക് സ്ഥാനാർഥികളില്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയിരുന്നു. നേമത്ത് ബി.ജെ.പി വിജയസാധ്യത കണക്കിലെടുത്താണ് ഇടതുമുന്നണിയെ പിന്തുണക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.െഎ വാമനപുരത്തും നെടുമങ്ങാട്ടുമാണ് മത്സരിച്ചത്. നേമത്ത് 10,000 ഉം തിരുവനന്തപുരത്ത് 3000 ഉം വോട്ടുണ്ടെന്നാണ് എസ്.ഡി.പി.െഎ അവകാശവാദം.