കാരായി രാജനുമായി തങ്ങൾക്ക് പ്രത്യേക പ്രശ്നങ്ങളൊന്നുമില്ലെന്ന് എസ്.ഡി.പി.ഐ; ‘ഫസൽ വധം നടന്നത് പാർട്ടി രൂപവത്കരിക്കാത്ത കാലത്ത്’
text_fieldsകോഴിക്കോട്: തലശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കാരായി രാജനുമായി തങ്ങൾക്ക് പ്രത്യേക പ്രശ്നങ്ങളോ ബന്ധങ്ങളോ ഇല്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. ഫസൽ വധവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫസൽ വധം നടക്കുന്നത് 2006ലാണ്. എസ്.ഡി.പി.ഐ രൂപവത്കരിക്കുന്നത് 2009ലും. പാർട്ടി രൂപവത്കരിക്കാത്ത കാലത്ത് നടന്ന സംഭവത്തെ തങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ല. അതുവേറെ സംഭവം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എഫും എസ്.ഡി.പി.ഐയും രണ്ടാണ്. ഫസലിന്റെ കാലത്ത് എസ്.ഡി.പി. ഐ ഉണ്ടായിരുന്നില്ല. പാർട്ടി രൂപവത്കരിച്ചതിന് ശേഷമുള്ള സംഭവങ്ങൾക്ക് മാത്രമാണ് എസ്.ഡി.പി.ഐ പ്രതികരിക്കേണ്ടതുള്ളൂ.
മുന്നണി സംവിധാനത്തിനോ ധാരണക്ക് വേണ്ടിയോ കെ.സി വേണുഗോപാലുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായുള്ള മറുപടിയിൽ വ്യക്തമാക്കി. എസ്.ഡി.പി.ഐ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേക അവകാശവാദങ്ങൾക്കൊന്നും ഞങ്ങളില്ല. പരമാവധി വോട്ടുകൾ നേടി വലിയ സാന്നിധ്യമായി പാർട്ടിയെ വളർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് ജയത്തിന് വേണ്ടിത്തന്നെയാണ്. ഇതിലൂടെ വലിയ ഒരുവോട്ട് ഷെയർ ഉണ്ടാക്കിയെടുക്കയാണ് ഉദ്ദേശ്യം. അതിൽ ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യുമെന്നാണ് കരുതുന്നത്. തങ്ങളെ നന്നാക്കാനാണ് എസ്.ഡി.പി.ഐയോട് വോട്ട് ചോദിക്കുന്നതെന്ന എ.കെ. ബാലന്റെ പ്രസ്താവനക്കുള്ള മറുപടി അദ്ദേഹത്തിനോടുതന്നെ ചോദിക്കണമെന്നും സി.പി.എ. ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

