എസ്.ഡി.പി.ഐ സഹകരണം ഉത്തരമില്ലാതെ സി.പി.എം
text_fieldsതിരുവനന്തപുരം: എസ്.ഡി.പി.ഐ സഹകരണം പ്രതിപക്ഷം ആയുധമാക്കിയതോടെ തള്ളാനോ കൊള്ളാനോ കഴിയാതെ ഉത്തരംമുട്ടി സി.പി.എം. ഇത് സംബന്ധിച്ച് ആവർത്തിച്ചുയർന്ന ചോദ്യങ്ങളോട് മുഖ്യമന്ത്രി ക്ഷുഭിതനാവുകയും ഒഴിഞ്ഞുമാറുകയും ചെയ്തപ്പോൾ പിന്തുണ കിട്ടിയാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ‘അവരുടേതായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുമോ ഇല്ലയോ എന്നത് അവരുടെ തീരുമാനമാണെന്നായിരുന്നു’ ജനറൽ സെക്രട്ടറിയുടെ തന്ത്രപരമായ വിശദീകരണം. ‘അവരുടെ പ്രവർത്തകർ ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ പോകുന്നുണ്ടോയെന്ന് നോക്കി അവരുടെ കൈപിടിച്ച് തടസ്സപ്പെടുത്തുന്നത് സാധ്യമല്ലെ’ന്ന് കൂടി ബേബി പറഞ്ഞുവെച്ചു.
മുഖ്യമന്ത്രിക്കാകട്ടെ, എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് മാധ്യമപ്രവർത്തകർ ആവർത്തിക്കുമ്പോൾ ‘ഞങ്ങൾക്ക് വർഗീയ വോട്ടുകൾ വേണ്ട’ എന്ന പതിവ് പല്ലവി മാത്രം. വാർത്തസമ്മേളനത്തിൽ ചോദ്യം ആവർത്തിച്ചുയർന്നപ്പോൾ രോഷവും. ജമാഅത്തെ ഇസ്ലാമി ബന്ധമാരോപിച്ച് യു.ഡി.എഫിനെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ‘എസ്.ഡി.പി.ഐ സഹകരണ’ വിവാദം ശരിക്കും ഉത്തരംമുട്ടിക്കുന്നുവെന്ന് ഈ പ്രതികരണങ്ങളിൽനിന്ന് വ്യക്തം. കോൺഗ്രസുയർത്തിയ ബി.ജെ.പി ഡീൽ ആരോപണത്തെ ശക്തമായി തിരിച്ചടിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രിക്കും ഇടതു നേതാക്കൾക്കും പക്ഷേ അതേ ലൈനിൽ ‘എസ്.ഡി.പി.ഐ സഹകരണത്തിൽ’ മറുപടി പറയാനും കഴിയുന്നില്ല.
വെൽഫെയർ പാർട്ടിയുടെ പിന്തുണ ചൂണ്ടിക്കാട്ടി സി.പി.എം കടന്നാക്രമണം നടത്തുമ്പോൾ, പിന്തുണ അംഗീകരിക്കുന്നതിനൊപ്പം സി.പി.എമ്മിന്റെ പഴയകാല ബന്ധം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരിച്ചടിച്ചിരുന്നത്. എന്നാൽ എസ്.ഡി.പി.ഐ സഹകരണത്തിൽ അംഗീകരിക്കാതെ ഒളിച്ചുകളി തുടരുന്നതാണ് സി.പി.എമ്മിനെ നിലപാട് വിശദീകരിക്കാനാകാത്ത വിധം പ്രതിരോധത്തിലാക്കുന്നത്. രാഷ്ട്രീയ ഉള്ളടക്കമുള്ള മുസ്ലിം സംഘടനകളെ നിരന്തരം പ്രശ്നവത്കരിക്കുന്ന സമീപകാല സി.പി.എം നിലപാടുകളുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും.
നിലപാട് സംബന്ധിച്ച് ചോദിക്കേണ്ടത് അവരോടുതന്നെ -പിണറായി വിജയൻ
തിരൂർ (മലപ്പുറം): എസ്.ഡി.പി.ഐയുടെ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് തന്നോടല്ല അവരോടുതന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്.ഡി.പി.ഐയുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിന് തിരൂരിൽ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏതാനും വോട്ടിനു വേണ്ടി എല്‍.ഡി.എഫ് അവസരവാദ നിലപാട് സ്വീകരിക്കില്ലെന്നും എപ്പോഴും എൽ.ഡി.എഫിന് തത്വാധിഷ്ഠിത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും നാടിന് ആപത്താണ് എന്നതുകൊണ്ടാണ് എൽ.ഡി.എഫ് വർഗീയതയെ എതിർക്കുന്നത്. അതിനാലാണ് കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷം വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാതിരുന്നത്. എന്നാൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫ് ആരോപണം ഉന്നയിക്കുകയാണ്. അതിലൂടെ എന്തെങ്കിലും നേടാമെന്ന് ഒരിക്കലും വിചാരിക്കേണ്ട. ഇതെല്ലാം ജനം ശരിയായ രീതിയില്‍ വിലയിരുത്തും. എല്ലാ വര്‍ഗീയ ശക്തികളോടും എൽ.ഡി.എഫിന് എന്നും ഒരേ നിലപാടാണ്. ഒരു വര്‍ഗീയതയോടും ബന്ധമില്ല.
എത്രയോ കാലമായി വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. അതില്‍ മാറ്റമുണ്ടായിട്ടില്ല. പക്ഷേ, കോണ്‍ഗ്രസ് അങ്ങനെയല്ല. കോലീബി സഖ്യവും ബി.ജെ.പിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ സൗകര്യം ഒരുക്കിയതും ഓര്‍ക്കണം. ഇടതുപക്ഷത്തിന് ലഭിച്ച തുടര്‍ഭരണം കേവലം ഏതെങ്കിലും തരത്തിലുള്ള ഗിമ്മിക്കുകള്‍ കൊണ്ട് ലഭിച്ചതല്ല. നാടിനും ജനങ്ങള്‍ക്കുമായി നിലകൊണ്ട് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. തുടർഭരണത്തിന് ശേഷവും സംസ്ഥാനം എല്ലാ മേഖലയും മെച്ചപ്പെട്ടു എന്ന് മാത്രമല്ല, ആഭ്യന്തര ഉൽപാദനത്തിൽ റെക്കോർഡ് നേട്ടവും ഉണ്ടായിട്ടുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

