Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിൽപി സി.ജി പ്രിൻസ്...

ശിൽപി സി.ജി പ്രിൻസ് അന്തരിച്ചു

text_fields
bookmark_border
CG prince
cancel

തൃശൂര്‍: ശിൽപിയും എഴുത്തുകാരനുമായ സി.ജി. പ്രിൻസ് (62) അന്തരിച്ചു. തൃശൂർ ചെമ്പൂക്കാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിത്രകാരനും കവിയും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു. സാമൂഹിക പ്രതിബദ്ധതയോടെ കലാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന അദ്ദേഹം രാഷ്ട്രീയ -സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു.

തൃശൂര്‍ ചെമ്പൂക്കാവില്‍ ചിറമ്മല്‍ ജോര്‍ജ് - ലില്ലി ദമ്പതികളുടെ മകനായി 1961 ജൂലൈ 22നാണ് ജനനം. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. തൃശൂർ ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രിൻസ് സെന്റ് തോമസ് കോളജിൽനിന്ന് ബി.എ ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദം നേടി.

2015ല്‍ തൃശൂര്‍ നെഹ്‌റു പാർക്കില്‍ സ്ഥാപിച്ച 16 അടി ഉയരമുള്ള സ്റ്റീലില്‍ രൂപം നല്‍കിയ ആന പ്രിന്‍സിന്റെ പ്രധാന കലാസൃഷ്ടികളിലൊന്നാണ്. അടുക്കളയിലെ പൊട്ടിയ പാത്രങ്ങളും സ്പൂണുകളും ഉപയോഗിച്ച് നിര്‍മിച്ച 'ബേര്‍ഡ്സ് ഫ്രം മൈ മോംസ് കിച്ചൻ കബോര്‍ഡ്' സീരീസ്, 2018ലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ 1000 ചതുരശ്ര അടി കാൻൻവാസിൽ ചെയ്ത 'ഫ്ലവേഴ്സ് ഫോര്‍ ചില്‍ഡ്രൻ' പെയിന്റിങ് എന്നിവയും പ്രിന്‍സിന്റെ സൃഷ്ടികളാണ്.

നാടൻ കലകളുടെ പ്രചാരകനും പ്രമുഖ ഫോക്‌ലോറിസ്റ്റുമായിരുന്ന ഡോ. ചുമ്മാര്‍ ചൂണ്ടലിനെക്കുറിച്ച് പ്രിൻസ് തയാറാക്കിയ ഡോക്യുമെന്ററി 'നാടോടി നൊമാഡ്' നാടൻ കലാരൂപങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു. 2000ലും 2005ലും കെനിയ, 2008ല്‍ യു.എസ്.എ, 2015ല്‍ കേരള സംഗീത നാടക അക്കാദമി എന്നിവിടങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.

കെനിയ, യു.എസ്.എ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ആര്‍ട്ട് ഗാലറികളില്‍ പ്രിന്‍സിന്റെ ശില്പങ്ങളുണ്ട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

പ്രിൻസിന്റെ വേര്‍പാടില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ദുഃഖം രേഖപ്പെടുത്തി.

Show Full Article
TAGS:CG Prince
News Summary - Sculptor CG Prince passed away
Next Story