‘കാപ്പ നിർത്തലാക്കണം’; രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമെന്ന് ആർ. സുഗതൻ
text_fieldsആർ. സുഗതന്‍
തിരുവനന്തപുരം: കാപ്പ നിയമം നിർത്തലാക്കണമെന്ന് ആർ. സുഗതൻ. രാഷ്ട്രീയ പാർട്ടികളും പൊലീസും വ്യക്തിവൈരാഗ്യം തീർക്കാനുള്ള ഒരു ഉപാധിയായാണ് ഈ നിയമത്തെ കാണുന്നതെന്ന് സുഗതൻ ആരോപിച്ചു. നിസാര കേസുകളിൽ ആളുകൾക്കെതിരെ കാപ്പ ചുമത്തുമ്പോൾ മറുവശത്ത് നിരവധി കൊടുംകുറ്റവാളികൾ നിയമത്തിൽ നിന്ന് രക്ഷപ്പെടുകയാണെന്നുമാണ് സുഗതൻ പറയുന്നത്. അതേസമയം തൂഫാൻ ആദ്യം എത്തേണ്ടത് ജയിലുകളിലാണെന്നും ലഹരിക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ജയിലുകൾ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേരളത്തിൽ ആദ്യം നിർത്തലാക്കേണ്ടത് കാപ്പ നിയമമാണ്. രാഷ്ട്രീയ പാർട്ടികൾക്കും പോലീസിനും ദുരുപയോഗം ചെയ്യാൻവേണ്ടിയുള്ള ഒന്നായി കാപ്പ മാറിയിരിക്കുകയാണ്. പോലീസിന് ആരോടെങ്കിലും വ്യക്തിവൈരാഗ്യമുണ്ടായാൽ ചെറിയൊരു കേസിന്റെ പേരിൽപ്പോലും കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിക്കും. അതേസമയം, എത്രയോ കൊടുംകുറ്റവാളികൾ ഒരു നടപടിയും നേരിടാതെ പുറത്തുകഴിയുന്നുണ്ട്. അത്തരക്കാർക്കെതിരെ കാപ്പ ചുമത്താത്തത് എന്തുകൊണ്ടാണ്? കാപ്പ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് സർക്കാർ വ്യക്തമായി അന്വേഷിക്കണം.
ഞാനൊരു രാഷ്ട്രീയ പ്രവർത്തകനാണ്, ജനപ്രതിനിധിയാണ്. എന്നെപ്പോലും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. നിയമം നടപ്പാക്കേണ്ടത് കുറ്റകൃത്യങ്ങൾ തടയാനാണ്, അല്ലാതെ രാഷ്ട്രീയ എതിരാളികളെയും വ്യക്തിവൈരാഗ്യമുള്ളവരെയും വേട്ടയാടാനല്ല. അതുകൊണ്ടുതന്നെ കാപ്പ നിയമം സർക്കാർ നിർത്തലാക്കണമെന്നാണ് എന്റെ ആവശ്യം' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ തൂഫാൻ ആദ്യം ജയിലുകളിലാണ് നടപ്പിലാക്കേണ്ടതെന്ന് താൻ നേരത്തേ പറഞ്ഞിരുന്നെന്നും, ആ പ്രസ്താവന ശരിവയ്ക്കുന്നതാണ് കണ്ണൂർ വനിതാ ജയിലിൽനിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവമെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു. 'വനിതാ ജയിലിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റു ജയിലുകളിലെ അവസ്ഥ എന്തായിരിക്കും? കോടിക്കണക്കിന് രൂപയുടെ ലഹരിക്കച്ചവടമാണ് ജയിലുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. ഇത് ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തുമാത്രം തുടങ്ങിയതല്ല. ഇടത് സർക്കാരുകളുടെ കാലത്തും ജയിലുകളിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ട്. കൊടി സുനി ഉൾപ്പെടെയുള്ളവർ എങ്ങനെയാണ് കോടീശ്വരന്മാരായതെന്ന് അന്വേഷിച്ചാൽ പല കാര്യങ്ങളും വ്യക്തമാകും.' സുഗതന്‍ കൂട്ടച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

