കോട്ടയത്തെ പൊള്ളിച്ച് ചൂട്; കുടിവെള്ളക്ഷാമവും രൂക്ഷം
text_fieldsകോട്ടയം: മൂന്നാറിൽ താപനില പൂജ്യത്തിനും താഴെയെന്ന വാർത്തകൾ പരക്കുമ്പോഴും കോട്ടയത്തെ പൊള്ളിച്ച് ചൂട്. പുലര്‍കാലത്തെ തണുപ്പിന്‍റെ ശക്തി കുറഞ്ഞതിനു പിന്നാലെ ജില്ല കടുത്തചൂടിന്‍റെ പിടിയിലേക്ക്. മലയോരമേഖലകളിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
വ്യാഴാഴ്ച ജില്ലയിൽ അനുഭവപ്പെട്ടത് 33.5 ഡിഗ്രി ചൂടായിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണിത്. ബുധനാഴ്ച കോട്ടയത്ത് രേഖപ്പെടുത്തിയ താപനില 35.5 ഡിഗ്രിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതായിരുന്നു. പുനലൂരില്‍ 34 ഡിഗ്രിയും പാലക്കാട്ട് 30.1 ഡിഗ്രിയും മാത്രമായിരുന്നു ഉയര്‍ന്ന താപനില.ഏതാനും ദിവസം മുമ്പ് രാത്രിയില്‍ ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍, രണ്ടുദിവസമായി തണുപ്പ് അകന്നുനില്‍ക്കുകയാണ്. എന്നാല്‍, രാവിലെ 11 മുതല്‍ നാലുവരെ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
ഇരുചക്രവാഹന യാത്രികര്‍, ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ ചൂടില്‍ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ ഗതാഗതക്കുരുക്ക് കൂടിയാകുമ്പോള്‍ ജനം ശരിക്കും വിയര്‍ക്കും. ചൂട് വർധിച്ചതോടെ ശീതളപാനീയ വിപണിയും സജീവമായി. നാരങ്ങവെള്ളം, സര്‍ബത്ത്, കരിക്ക് എന്നിവക്കും തണുത്ത കുപ്പിവെള്ളത്തിനും ആവശ്യക്കാരേറി.
നാരങ്ങക്ക് വില കൂടിയെങ്കിലും ചൂടില്‍നിന്ന് ആശ്വാസം ലഭിക്കാന്‍ നാരങ്ങവെള്ളം തേടിയെത്തുന്നവർ ഏറെ. യാത്രക്കാരെ ലക്ഷ്യംവെച്ച് പ്രധാന പാതകളുടെ വശങ്ങളിലും നഗരത്തിലും ശീതളപാനീയങ്ങളും പഴവർഗങ്ങളും വിൽപന നടത്തുന്ന കച്ചവട സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചു. കരിക്ക്, പനനൊങ്ക് എന്നിവയും വഴിയോരങ്ങളിൽ നിരന്നിട്ടുണ്ട്. തണ്ണിമത്തൻ, ഓറഞ്ച് എന്നിവക്കും ആവശ്യക്കാർ ഏറെയാണ്. ചൂട് കനത്തതോടെ പലയിടങ്ങളിലും കുടിവെള്ളക്ഷാമവും രൂക്ഷമാണ്. നദികളിലും ജലനിരപ്പ് താഴ്ന്നു. മലയോരങ്ങളിലാണ് ജലക്ഷാമം രൂക്ഷം ചിലയിടങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിച്ചുതുടങ്ങിയിട്ടുമുണ്ട്.
പുതുവര്‍ഷം പിറന്നശേഷം ഇതുവരെ മഴ പെയ്‌തില്ല. ഉടൻ മഴ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാല്‍, വേനല്‍മഴ നേരത്തേയെത്തിയേക്കാമെന്നും ഇവർ പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ ദിവസങ്ങളോളം മഴ പെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

