എടക്കാട്: കണ്ണൂരിൽ കണ്ടെയ്നർ ട്രക്ക് സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. കരയിലാട്ട് വളപ്പിൽ പരേതനായ മഹമ്മൂദ്-റുഖിയ ദമ്പതികളുടെ മകൻ മുല്ലപ്രം പള്ളിക്ക് സമീപം ദാറുൽ ഇഷ്കിലെ കെ. അബ്ദുൾ ഗഫൂർ (51) ആണ് മരിച്ചത്.
പുലർച്ചെ അഞ്ചിന് എടക്കാട് സഫ സെന്‍ററിന് സമീപമായിരുന്നു അപകടം. എറണാകുളത്ത് നിന്നും ഗുജറാത്തിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോവുകയായിരുന്ന ട്രക്കും മുഴപ്പിലങ്ങാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്.
ട്രക്കുമായി ഇടിച്ച സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് പരിക്കേറ്റ ഗഫൂർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രാദേശിക പത്ര ഏജന്‍റുമാർ വിവരം അറിയിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ടി. താഹിറ. മക്കൾ: തൻസീറ, ഫാത്തിമ ഷെറി, അബ്ദുസമദ്. മരുമക്കൾ: നവാസ്, ഇജാസ് (ദുബൈ). സഹോദരൻമാർ: നാസർ, നസീർ, സമീർ, സഫൂറ.