സ്‌ത്രീകളെ പിന്തുടർന്ന് അൻപതോളം സ്‌കൂട്ടറുകൾ മോഷ്‌ടിച്ചയാൾ അറസ്റ്റിൽ
text_fieldsകോഴിക്കോട് . സ്‌ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടറുകൾ മോഷ്‌ടിക്കുന്ന കുരുവട്ടൂർ മുതുവനപ്പറമ്പിൽ ഷനീദ് അറഫാത്തിനെ (30) ചേവായൂർ പൊലീസ് പിടികൂടി. കഴിഞ്ഞ നാലു വർഷത്തിനിടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌ഥലങ്ങളിൽ അൻപതോളം സ്‌കൂട്ടറുകൾ മോഷ്‌ടിച്ചതായി കേസ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളജ് അസിസ്റ്റൻ്റ് കമ്മിഷണർ കെ,സുദർശൻ പറഞ്ഞു. മോഷ്‌ടിച്ച 11 സ്‌കൂട്ടറുകൾ പൊലീസ് കണ്ടെടുത്തു.
കൂടുതൽ സ്‌കൂട്ടറുകൾ കണ്ടെടുക്കാനായി പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും. വെള്ളിയാഴ്‌ച മല്ലിശ്ശേരിത്താഴത്തിനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഷനീദിനെ പൊലീസ് പിടികൂടിയത്. സംശയിച്ചു ചോദ്യം ചെയ്‌പ്പോഴാണ് സ്‌ഥിരം മോഷ്‌ടാവാണെന്നു വ്യക്‌തമായത്. ഇൻസ്‌പെക്‌ടർ പി.ചന്ദ്രമോഹൻ, എസ്ഐമാരായ എം.ആഭിജിത്ത്, എസ്.എസ്.ഷാൻ എന്നിവരുടെ നേതൃത്വത്തിലാണ് കസ്‌റ്റഡിയിലെടുത്തത്.
എസ്ഐ സുന്ദരൻ, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, സിപിഒമാരായ വിനീത്, എസ്.റോഷ്‌നി, കെ.വിജി, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എഎസ്‌ഐമാരായ എം.മുഹമ്മദ് ഷാഫി, എം.സജി, സീനിയർ സിപിഒമാരായ കെ.അഖിലേഷ്, കെ.എ.ജോമോൻ, ജിനേഷ് ചൂലൂർ എന്നിവരാണുണ്ടായിരുന്നത്. നാലു വർഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.
മോഷ്‌ടിക്കുന്ന സ്‌കൂട്ടർ പണയപ്പെടുത്തും
ഷനീദ് അറഫാത്ത് മോഷ്‌ടിച്ചത് ഏറെയും പുതിയ സ്‌കൂട്ടറുകളാണ്. ഇത്തരം സ്‌കൂട്ടറുമായി പോകുന്ന സ്‌ത്രീകളെ ഷനീദ് ബൈക്കിലോ സ്‌കൂട്ടറിലോ പിന്തുടരും. അവർ എവിടെയെെങ്കിലും സ്‌കൂട്ടർ നിർത്തി താക്കോൽ അതിനു മുകളിൽ വച്ചാൽ ഉടനെ ഷനീദ് വന്ന ഇരുചക്രവാഹനം മറ്റൊരിടത്ത് നിർത്തിയിടും. എന്നിട്ടു മെല്ലെവന്നു സ്‌കൂട്ടറുമായി പോകുകയാണ് ചെയ്യുന്നത്.
സ്‌ത്രീകൾ ഉപയോഗിക്കുന്ന വാഹനത്തിൻ്റെ അസ്സൽ രേഖകൾ അതിലുണ്ടാകുമെന്നതിനാൽ ഉടനെ ആർക്കെങ്കിലും പണയം വയ്‌ക്കുകയാണ് ചെയ്യുന്നതെന്നു ഷനീദ് പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

